
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയായ യുവതിയുടെ മൊഴി വിവരങ്ങള്‍ പുറത്ത്. ഗർഭഛിദ്രം നടത്താൻ രാഹുൽ സുഹൃത്ത് വഴി ഗുളിക എത്തിച്ചെന്നാണ് യുവതിയുടെ മൊഴി. വീഡിയോ കോൾ വിളിച്ച് രാഹുൽ ഭീഷണിപ്പെടുത്തിയതോടെയാണ് ഗുളിക കഴിച്ചതെന്നും ഗുളിക കഴിച്ച ശേഷം ഗുരുതര ശാരീരിക പ്രശ്‌നങ്ങളുണ്ടായെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒരു സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്‌ടറെയാണ് സമീപിച്ചതെന്നും പരാതിക്കാരി പറയുന്നു. ആശുപത്രിയെയും ഡോക്റെയും പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. രാഹുലിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. രാഹുലിന്‍റെ സുഹൃത്ത് അടൂർ സ്വദേശിയായ വ്യാപാരിക്കായും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർക്കാണ് മേൽനോട്ട ചുമതല.
ലൈംഗിക പീഡന പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. രാഹുല്‍ കേരളം വിട്ടെന്നാണ് സൂചന. രാഹുലിന്‍റെ ഫോണ്‍ സ്വിച്ച് ഓഫാണ്. രാഹുലിനെ തേടി പാലക്കാടും പത്തനംതിട്ടയിലും പൊലീസ് അന്വേഷണം തുടരുകയാണ്. യുവതിക്ക് ഗർഭച്ഛിദ്ര ഗുളികകൾ എത്തിച്ച് നല്‍കിയ രാഹുലിന്‍റെ സുഹൃത്തിനായും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം, കേസില്‍ മുൻകൂർ ജാമ്യത്തിനുള്ള നീക്കം സജീവമാക്കി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കൊച്ചിയിലെ അഭിഭാഷകനുമായി രാഹുൽ മാങ്കൂട്ടത്തിൽ ചർച്ച നടത്തി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് ആലോചന. അസാധാരണ സാഹചര്യം ഉണ്ടെങ്കിലേ നേരിട്ട് ഹൈക്കോടതിയിൽ എത്താവൂ എന്നാണ് സുപ്രീംകോടതിയുടെ നിർദേശം. എംഎൽഎ ആണെന്നതും അറസ്റ്റ് സാഹചര്യം ഉണ്ടെന്നതും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ടു ഡേ ആയി ഹർജി എത്തിക്കാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. അല്ലെങ്കിൽ തിരുവനന്തപുരത്ത് ഹർജി നൽകും.
തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസ് പിന്നീട് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. സീറോ എഫ്ഐആറാണ് വലിയമല സ്റ്റേഷനിൽ ഇട്ടിരിക്കുന്നത്. കുറ്റം നടന്നത് നേമം സ്റ്റേഷൻ പരിധിയിൽ ആയതിനാലാണ് അങ്ങോട്ട് മാറ്റിയത്. യുവതിയുടെ രഹസ്യ മൊഴി എടുക്കാൻ ഇന്ന് തന്നെ പൊലീസ് അപേക്ഷ നൽകും. നെയ്യാറ്റിൻകര കോടതിയിലാണ് അപേക്ഷ നൽകുക. കോടതി അനുവദിച്ചാൽ ഇന്ന് തന്നെ മൊഴി എടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam