
പാലക്കാട് : സെഷൻസ് കോടതി ജാമ്യം നിഷേധിച്ച ശേഷവും ഒളിവിൽ തുടരുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പൊലീസ് സംഘം രാഹുലിനായി നാടെങ്ങും തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇനിയും ഒളിസങ്കേതം കണ്ടെത്താനായിട്ടില്ല. എട്ടാം ദിവസം പിന്നിടുന്ന ഒളിവ് ജീവിതത്തിനിടെ പല തവണ മൊബൈൽ ഫോണും കാറും രാഹുൽ മാറി ഉപയോഗിക്കുന്നുണ്ട്. എം എൽ എയുടെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച യുവതി പരാതിയുമായി മുഖ്യമന്ത്രിയ്ക്ക് മുന്നിൽ എത്തിയ ഉടൻ രാഹുൽ മാങ്കൂടത്തിൽ പാലക്കാട് നിന്ന് മുങ്ങിയത് അതിവിഭഗ്ധമായാണ്. സിസിടിവി ക്യാമറകളുള്ള റോഡുകൾ പരമാവധി ഒഴിവാക്കിയായിരുന്നു യാത്ര. സുഹൃത്തായ യുവ നടിയുടെ ചുവന്ന പോളോ കാറിൽ പൊള്ളാച്ചി വരെ എത്തി. അവിടെ നിന്ന് മറ്റൊരു കാറിൽ കോയമ്പത്തൂരിലേക്ക് പോയി. അവിടെ നിന്ന് തമിഴ്നാട് - കർണാടക അതിർത്തിയിലേക്ക് എത്തി. ബാഗല്ലൂരിലെ റിസോർട്ടിൽ ഞായറാഴ്ച മുതൽ ഒളിവിൽ കഴിഞ്ഞ രാഹുൽ അന്വേഷണ സംഘം എത്തുന്നതറിഞ്ഞ് രാവിലെ ഇവിടെ നിന്ന് മുങ്ങി. പിന്നീട് ബാഗല്ലൂരിലെ ഒരു വീട്ടിലേക്ക് ഒളിയിടം മാറ്റി. എന്നാൽ പൊലീസ് എത്തുന്ന വിവരമറിഞ്ഞ് നേരെ ബംഗളൂരുവിലേക്ക്. തൊട്ടു തൊട്ടില്ലെന്ന മട്ടിൽ പലവട്ടം അന്വേഷണ സംഘം രാഹുലിന് സമീപമെത്തിയെന്നാണ് വിവരം.
പൊലീസിൽ നിന്ന് വിവരം ചോരുന്നുവെന്ന സൂചനയെ തുടർന്ന് അന്വേഷണ സംഘം കൂടുതൽ ജാഗ്രതയിലായി. മുൻകൂർ ജാമ്യാപേക്ഷേ തള്ളിയാൽ രാഹുൽ കീഴടങ്ങുമെന്നും അതിന് മുമ്പേ അറസ്റ്റ് ചെയ്യാനുമായിരുന്നു പൊലീസിൻ്റെ നീക്കം. ജാമ്യാപേക്ഷയിൽ തീരുമാനം വന്നതോടെ രാഹുലിൻ്റെ മൊബൈൽ ഫോണുകൾ ഓണായി. കീഴടങ്ങില്ലെന്ന് ഉറപ്പായതോടെ അന്വേഷണ സംഘം എംഎൽഎ ഓഫീസിലെ രണ്ട് അംഗങ്ങളെ കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കും പേഴ്സണൽ അസിസ്റ്റർറനുമൊപ്പമാണ് രാഹുൽ പാലക്കോട് വിട്ടിരുന്നത്. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടാനാണ് പൊലീസിൻ്റെ ശ്രമം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam