
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കാൻ തയാറെന്ന് പരാതിക്കാരി. പൊലീസ് അയച്ച ഇ-മെയിലിന് മറുപടി ആയാണ് യുവതി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കെപിസിസിക്ക് അയച്ച ഇ- മെയിൽ ഡിജിപിക്ക് കൈമാറുകയും ഇതിന്‍റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. മെയിലില്‍ പരാതിക്കാരിയുടെ പേരുണ്ടായിരുന്നില്ല. തുടർന്ന് കേസെടുത്ത കാര്യം പൊലീസ് ഇ-മെയിലായി പരാതിക്കാരിയെ അറിയിക്കുകയായിരുന്നു. 2023ല്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഹോം സ്റ്റേ പോലുള്ള സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
ബലാത്സംഗ കേസിൽ മൂൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടതിന് പിന്നാലെ ഹൈക്കോടതിയെ സമീപിക്കാനാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നീക്കം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജി നിഷേധിച്ചത്. ഹൈക്കോടതി മുതിർന്ന അഭിഭാഷകനായ എസ് രാജീവാകും രാഹുൽ മാങ്കൂട്ടത്തിലിനായി ഹാജരാവുക.