
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ നടക്കുന്ന സൈബർ ആക്രമണം പാർട്ടിയുടെ അറിവോടെയല്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സൈബർ ആക്രമണത്തെ കുറിച്ച് പാർട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്നും പാർട്ടി അന്വേഷിക്കേണ്ട ഗൗരവം വിഷയത്തിൽ ഉണ്ടെന്ന് കരുതുന്നില്ല, പരാതിയും ലഭിച്ചിട്ടില്ല. രാഹുലിനെ ഒളിവിൽ കഴിയാൻ താൻ സഹായിച്ചിട്ടില്ല എന്നും സണ്ണി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രാഹുലിന് എതിരായ പരാതിയിൽ ഗുരുതര ആരോപണങ്ങളാണ് യുവതി ഉയർത്തിയിരിക്കുന്നത്. രണ്ടാം മാസത്തിലാണ് ഗർഭഛിദ്രം നടത്തിയത്. പരാതിയിൽ പൊലീസ് ആശുപത്രി രേഖകൾ പരിശോധിച്ചു. ഗർഭഛിദ്രത്തിനായി യുവതിക്ക് നൽകിയത് അപകടകരമായ മരുന്നുകളെന്ന് ഡോക്ടർമാർ മൊഴി നൽകിയിട്ടുണ്ട്. വൈദ്യപരിശോധനയുടെ രേഖകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മെയ് 30നാണ് യുവതി മരുന്ന് കഴിച്ചത്. ശേഷം ഗുരുതര രക്തസ്രാവമുണ്ടായെന്നും ചികിത്സാ രേഖകൾ പറയുന്നു. രണ്ട് മരുന്നുകളാണ് യുവതിക്ക് നൽകിയത്. രക്തസ്രാവത്തിന് ശേഷം സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. യുവതിയുടെ പരാതിക്ക് പിന്നാലെ മുങ്ങിയ രാഹുലും സഹായി ജോബിൻ ജോസഫും ഇപ്പോഴും ഒളിവിൽ തന്നെയാണ്. അതിനിടെ യുവതിക്ക് പൊലീസ് സംരക്ഷണമൊരുക്കി.
അതേസമയം, ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം ആരംഭിച്ചു. മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചിരിക്കുന്നത് അറസ്‌റ്റിന് തടസമല്ലെന്നാണ് പൊലീസ് വാദം. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ തലസ്ഥാനത്തെത്തി വക്കാലത്തിൽ ഒപ്പിട്ടുവെന്ന പ്രചാരണവും പൊലീസ് തള്ളുകയാണ്. എല്ലാ ജില്ലകളിലും അന്വേഷണം നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്.