
പാലക്കാട്/തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തേടി എസ്ഐടി സംഘം. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പാലക്കാട് ഫ്ലാറ്റിൽ വീണ്ടും എസ്ഐടി സംഘം വിശദമായ പരിശോധന നടത്തി. രാവിലെ ഫ്ലാറ്റിൽ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം വീണ്ടും സ്വകാര്യ വാഹനത്തിൽ അഞ്ചംഗ സംഘം ഫ്ലാറ്റിലെത്തുകയായിരുന്നു. സംഘത്തിലെ എല്ലാവരും ഫ്ലാറ്റിലുള്ളിൽ കയറി പരിശോധന നടത്തി. മുൻകൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിന് മുമ്പായി രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്‍റെ നീക്കം. ഇതിനായുള്ള നിര്‍ണായക അന്വേഷണമാണ് നടക്കുന്നത്. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു. യുവതി നൽകിയ വിവരങ്ങൾ പ്രകാരമാണ് പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്.
രാഹുലിന്‍റെ പേഴ്സണൽ അസിസ്റ്റൻറുമാരിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കുന്നത്തൂര്‍ മേട്ടിലുള്ള ഫ്ലാറ്റിലാണ് പരിശോധ നടക്കുന്നത്. ഇന്നലെ രാത്രിയാണ് എസ്ഐടി സംഘം പാലക്കാട് എത്തിയത്. മുൻകൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് രാഹുലിന്‍റെ അറസ്റ്റിന് തടസമല്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസിൽ പരാതിക്കാരിയ്ക്കെതിരായ സൈബര്‍ ആക്രമണത്തിൽ സൈബര്‍ പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ പരാതിയിലാണ് പൊലീസ് കേസ്. സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് യുവതി നൽകിയ പരാതിയിൽ ഒരോ ജില്ലകളിലും കേസെടുക്കാനാണ് എഡിജിപി വെങ്കിടേഷിന്‍റെ നിര്‍ദേശം. സൈബര്‍ ആക്രമണത്തിൽ അറസ്റ്റുണ്ടാകുമെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും എഡിജിപി അറിയിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള യുവതിക്കെതിരായ സൈബര്‍ ആക്രമണത്തിലാണ് സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, പരാതിക്കാരിയായ യുവതിക്കെതിരെ നടക്കുന്ന സൈബർ ആക്രമണം പാർട്ടിയുടെ അറിവോടെയല്ലെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു. രാഹുലിനെ ഒളിവിൽ കഴിയാൻ താൻ സഹായിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുലിന് ഒളിച്ചു പാർക്കാൻ അവസരം ഒരുക്കിയിരിക്കുന്നതെ കെപിസിസിയാണെന്നും അതിൽ സംശയമില്ലെന്നും രാഹുലിനെ പുറത്താക്കാത്തത് കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്നും മന്ത്രി വി ശിവൻകുട്ടി ആരോപിച്ചിരുന്നു. ഇരയ്ക്കെതിരായ സൈബര്‍ ആക്രമണവുമായി കോണ്‍ഗ്രസിന് ബന്ധമില്ലെന്നും അതിൽ പാര്‍ട്ടിക്കാരുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നുമാണ് രാവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്.
രാഹുലിന്‍റെ ഫ്ലാറ്റിന് പുറമെ കഞ്ചിക്കോട്ടെ പഞ്ചനക്ഷത്ര ഹോട്ടലിലും പൊലീസ് സംഘമെത്തി പരിശോധന നടത്തി. കേസെടുത്തിന് പിന്നാലെ നാലാം ദിവസവും രാഹുൽ ഒളിവിൽ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ പാലക്കാട് കുന്നത്തൂര്‍മേട്ടിലുള്ള രാഹുലിന്‍റെ ഫ്ലാറ്റിലെത്തിയ അന്വേഷണ സംഘം സുരക്ഷാജീവനക്കാരിൽ നിന്നും മൊഴിയെടുത്തിരുന്നു. രാഹുൽ ഫ്ലാറ്റിൽ ഇല്ലെന്ന് സ്ഥിരീകരിച്ചശേഷമാണ് രാവിലെ സംഘം മടങ്ങിയത്. രാഹുൽ മാങ്കൂട്ടത്തിലിനെ എത്രയും വേഗം അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. രാഹുൽ ഒളിവിൽ കഴിയാനിടയുള്ള ജില്ലകളിലെല്ലാം അന്വേഷണം ഊർജിതമാക്കാൻ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി ജില്ലാ മേധാവിമാർക്ക് നിർദേശം നൽകി. പാലക്കാട് അതിർത്തി കടന്നു തമിഴ്‌നാട്ടിലെ ഒളിവിടങ്ങളിൽ രാഹുൽ ഉണ്ടെന്ന സംശയത്തിൽ അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബെംഗളുരുവിലേക്ക് കടന്നിരിക്കാനുള്ള സാധ്യതയുമുണ്ട്. മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചിരിക്കുന്നത് അറസ്‌റ്റിന് തടസമല്ലെന്നാണ് പൊലീസ് വാദം.
രാഹുലിന്‍റെ ജാമ്യാപേക്ഷ കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല. അറസ്റ്റ് പാടില്ലെന്ന നിർദേശവുമില്ല. ഇതിനാൽ തന്നെ എത്രയും വേഗം കസ്റ്റഡിയിൽ എടുത്ത് മൊബൈൽ ഫോണും മറ്റു രേഖകളും പിടിച്ചെടുത്താൽ മാത്രമേ അന്വേഷണം മുന്നോട്ടുപോകുകയുള്ളൂവെന്നാണ് പൊലീസ് വാദം. പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് വെള്ളിയാഴ്ച്ച രാഹുൽ മാങ്കൂട്ടത്തിൽ തലസ്ഥാനത്തെത്തി വക്കാലത്തിൽ ഒപ്പിട്ടുവെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമായാണ് പൊലീസ് വിലയിരുത്തൽ. ഇതിനിടെ, പരാതിക്കാരിയുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനുള്ള നടപടിയും തുടങ്ങി. തിരുവനന്തപുരത്ത് പീഡനം നടന്ന സ്ഥലങ്ങളിൽ പരാതിക്കാരിയുമായി എത്തി മഹസർ രേഖപ്പെടുത്തി. കൂടുതൽ സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തും. അതേസമയം മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകും വരെ ഒളിവിൽ തുടരാനാണ് രാഹുലിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. കേസിൽ രണ്ടാം പ്രതിയായ രണ്ടാം പ്രതി ജോബി ജോസഫിന് വേണ്ടിയും തെരച്ചിൽ തുടരുകയാണ്. ജോബി ഇതുവരെ ജാമ്യത്തിനായി കോടതിയെ സമീപ്പിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam