
ആലപ്പുഴ: മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജയില്‍ മോചിതനായി. അറസ്റ്റിലായി പതിനെട്ടാം ദിവസമാണ് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. മാവേലിക്കര സബ് ജയിലിന് പുറത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ പൊലീസുകാര്‍ അറസ്റ്റ് ചെയ്ത് നീക്കി. ജയിലിന് മുന്നില്‍ പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
ഉപാധികളോടെയാണ് പത്തനംതിട്ട സെഷൻസ് കോടതി രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സമൂഹമാധ്യമ ഭീഷണിയും പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. രാഹുലിനെ എസ്ഐടിക്ക് കൂടുതൽ കസ്റ്റഡിയിൽ ആവശ്യമില്ലാത്ത സാഹചര്യത്തിൽ ജാമ്യം നൽകുന്നു എന്നാണ് കോടതി അറിയിച്ചത്. പ്രതിഭാഗം ഹാജരാക്കിയ ഡിജിറ്റൽ രേഖകളടക്കം കൂടുതലായി പരിഗണിക്കേണ്ടത് കേസിന്‍റെ അടുത്ത ഘട്ടത്തിലാണെന്നും കോടതി ജാമ്യ ഉത്തരവില്‍ പറയുന്നു. ബലാത്സംഗ കുറ്റം നിലനിൽക്കുമോ എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് കോടതി ഉത്തരവിലുണ്ട്.
വിവാഹ വാഗ്ദാനം നൽകിയുള്ള പീഡനം എന്നാണ് പരാതിക്കാരിയുടെ ആക്ഷേപം. എന്നാൽ, നിലവിലെ വിവാഹബന്ധം വേർപ്പെടുത്താതെ എങ്ങനെ മറ്റൊരു ബന്ധത്തിലേക്ക് പോകാൻ കഴിയുമെന്ന് കോടതി ചോദിച്ചു. പരാതിക്കാരിയോ അവരുടെ ഭർത്താവോ വിവാഹബന്ധം വേർപെടുത്താൻ നടപടികൾ സ്വീകരിച്ചിരുന്നില്ല. പീഡനം നടന്നതായി പറയപ്പെടുന്നതിനു ശേഷവും എംഎൽഎയുമായി സൗഹൃദ സംഭാഷണങ്ങൾ ഉണ്ടായിട്ടുണ്ട്.
വാട്സ്ആപ്പ് ചാറ്റുകൾ അടക്കം തെളിവായി പ്രതിഭാഗം സമർപ്പിച്ചിരുന്നു. കേസിൽ ബലാത്സംഗം കുറ്റം നിലനിൽക്കുന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്ന നിഗമനത്തിലേക്കും കോടതി എത്തി. കുറ്റകൃത്യം നടന്നശേഷം പരാതി നൽകാൻ ഉണ്ടായ കാലതാമസവും കോടതി ഗൗരവമായി പരിഗണിച്ചു. അറസ്റ്റിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയ കോടതി എസ്ഐടിക്ക് ഇനി പ്രതിയെ കസ്റ്റഡിയിൽ ആവശ്യമില്ല എന്ന നിഗമനത്തിൽ എത്തി. പരാതിക്കാരിയെ ഭീഷണിപ്പെടുത്തരുത് എന്നത് അടക്കമുള്ള വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ പതിനൊന്നാം തീയതി രാത്രി പാലക്കാട്ടേ ഹോട്ടലിൽ നിന്ന് അതീവ രഹസ്യമാടീ ക്രൈം ബ്രാഞ്ച് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam