
പാലക്കാട്: തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥികൾക്കൊപ്പം ആഹ്ലാദം പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിലും. പാലക്കാട് എംഎൽഎ ഓഫീസിലാണ് ആഹ്ലാദ പ്രകടനം നടക്കുന്നത്. പാലക്കാട് നഗരസഭയിലെ മൂന്ന് വാർഡുകളിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളാണ് രാഹുലിനൊപ്പം എംഎൽഎ ഓഫീസിലുള്ളത്. കുന്നത്തൂർമേട് വാർഡിൽ ജയിച്ച പ്രശോഭ് വത്സൻ, കേനാത്ത്പറമ്പിൽ നിന്ന് ജയിച്ച മോഹൻ ബാബു, 41ാം വാർഡിൽ ജയിച്ച പിഎസ് വിപിൻ എന്നിവരാണ് രാഹുലിനൊപ്പമുള്ളത്. മൂവരെയും കെട്ടിപ്പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചു.
കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ഒരാളെ കാണാൻ എത്തുന്നതിൽ പ്രശ്‌നം ഇല്ലേ എന്ന ചോദ്യത്തിന് താനും ഇവിടുത്തെ ഒരു വോട്ടർ ആണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ബലാത്സംഗ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനാണ് പുറത്തെത്തിയത്. പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് ബുത്തിലായിരുന്നു രാഹുൽ വോട്ട് ചെയ്യാനെത്തിയത്. 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് രാഹുൽ ജനമധ്യത്തിലേക്കെത്തിയത്. കുന്നത്തൂർമേട് വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രശോഭ് ആണ് വിജയിച്ചത്. എട്ട് വോട്ടിനായിരുന്നു ജയം. രാഹുലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നെങ്കിലും വോട്ട് ചെയ്യാനെത്തിയപ്പോൾ ബൊക്കെ നൽകിയാണ് പ്രവർത്തകർ സ്വീകരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam