
കൊച്ചി: ബലാത്സംഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ അപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുലിന്റെ പുതിയ നീക്കം. കേസ് ഇന്ന് തന്നെ പരിഗണിക്കും. രാഹുൽ തത്ക്കാലം കീഴടങ്ങിയേക്കില്ലെന്നും നിയമപോരാട്ടം തുടരാനാണ് തീരുമാനമെന്നുമാണ് പുറത്തുവരുന്ന വിവരം. അറസ്റ്റ് തടയാനുള്ള സാധ്യത തേടാനാണ് നീക്കം. ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ല, പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, യുവതി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്, കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല എന്നിങ്ങനെയാണ് രാഹുലിന്‍റെ ഹര്‍ജിയിലെ വാദങ്ങള്‍.
ഉഭയകക്ഷി സമ്മത പ്രകാരമാണ് പരാതിക്കാരിയുമായുള്ള ബന്ധമെന്നാണ് രാഹുൽ ഹര്‍ജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വര്‍ഷങ്ങളോളം നീണ്ടുനിന്ന ബന്ധം തകര്‍ന്നപ്പോള്‍ ബലാത്സംഗ കേസാണ് മാറ്റിയതാണെന്നും ഹര്‍ജിയിൽ ആരോപിക്കുന്നു. താനൊരു രാഷ്ട്രീയ നേതാവായത് കൊണ്ട് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസാണിതെന്നും രാഹുൽ ഹൈക്കോടതിയെ അറിയിക്കുന്നു. 2025 നവംബറിലാണ് പരാതി നൽകിയതെന്നും പരാതി നൽകാനുണ്ടായ കാലതാമസം ദുരൂഹമാണെന്നും ഹര്‍ജിയിൽ പറയുന്നു. സമാനമായ കേസുകളിലെ ഉത്തരവുകളും ഇപ്പോള്‍ ഹാജരാക്കിയിട്ടുണ്ട്. ബ്ലാക്ക് മെയിലിംഗും ആരോപിക്കുന്നുണ്ട്.
ഒൻപതാം ദിവസവും ഒളിവിൽ തുടരുന്ന പാലക്കാട് എംഎൽഎക്കായി പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്. സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്‍റെ പ്രാഥമികാംഗത്വത്തിൽ നിന്ന് രാഹുലിനെ ഇന്നലെ പുറത്താക്കിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ ബലാൽസംഗ കേസ് അന്വേഷിക്കാൻ എസ്പി ജി.പൂങ്കൂഴലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam