
ദില്ലി : എലത്തൂരിൽ ഓടുന്ന ട്രെയിനിൽ നടന്ന ആക്രമണത്തിന്‍റെ വിശദാംശങ്ങള്‍ കേരളത്തില്‍ നിന്ന് തേടാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ആസൂത്രമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ സംഭവത്തില്‍ എൻഐഎയും അന്വേഷണം നടത്തും. സംഭവം ഗൗരവതരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിക്കുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷണവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. തീവ്രവാദ വിരുദ്ധ സ്ക്വാഡും സ്ഥലത്തെത്തി വിവരങ്ങൾ തേടിയതായും കേന്ദ്ര മന്ത്രി വിശദീകരിച്ചു.
ട്രെയിനിലെ ആക്രമണം ആസൂത്രിതമെന്നാണ് ലഭിക്കുന്ന സൂചനകളിൽ നിന്നും വ്യക്തമാകുന്നത്, പ്രതിയുടെ ആക്രമണ രീതിയെയും രക്ഷപ്പെട്ട രീതിയേയും ഗൗരവമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കാണുന്നത്. എലത്തൂരിലെ സ്ഥിതിഗതികള്‍ നിരിക്ഷീക്കുന്ന കേന്ദ്രം സംസ്ഥാന ആഭ്യന്തരവകുപ്പില്‍ നിന്ന് വിവരങ്ങള്‍ തേടും. ഇതിന് ശേഷമായിരിക്കും അന്വേഷണത്തില്‍ തീരുമാനം എടുക്കുക. എലത്തൂരിലെ സംഭവത്തില്‍ ഇപ്പോള്‍ എൻഐഎ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാല്‍ ആക്രമണം ആസൂത്രിതമെന്ന സാധ്യതകള്‍ ബലപ്പെട്ടാല്‍ സംഭവത്തില്‍ കേസെടുത്ത് എൻഐഎ അന്വേഷണം നടത്തും. ഭീകരാക്രമണമെന്നത് സ്ഥിരീകരിക്കപ്പെട്ടില്ലെങ്കിലും ആ സാധ്യതയും കേന്ദ്ര ഏജന്‍സികള്‍ തള്ളിയിട്ടില്ല. സംഭവം ഗൌരവമായാണ് റെയിൽവേയും പരിഗണിക്കുന്നത്. വിശദാംശങ്ങളും അന്വേഷണത്തിൻറെ പുരോഗതിയും മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിച്ച് മനസ്സിലാക്കുമെന്ന് കേന്ദ്ര റെയിൽവേമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വിഷയത്തില്‍ കേന്ദ്ര റെയില്‍വെ മന്ത്രി റെയിൽവേ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. സുരക്ഷാവീഴ്ച്ചയുണ്ടായിട്ടുണ്ടോ, അവലോകനത്തില്‍ പാളിച്ചയുണ്ടായോന്നതും കേന്ദ്ര റെയിൽവേ മന്ത്രാലയം പരിശോധിക്കും. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഫോറന്‍സികള്‍ തെളിവുകളും, ഭീകരവിരുദ്ധ സ്ക്വാഡിന്‍റെ പ്രാഥമിക കണ്ടെത്തലുകളും അടക്കം അടിസ്ഥാനമാക്കിയുളള കേന്ദ്ര നടപടി വൈകില്ലെന്നാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam