
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ക്കു സമീപം പ്രവര്‍ത്തിക്കുന്ന കേറ്ററിംഗ് സ്റ്റാളുകളിലും, ഐആര്‍സിടിസി ഭക്ഷണശാലകളിലും റെയില്‍വേ പോലീസ് മിന്നല്‍ പരിശോധന നടത്തി. പാചകശാലകളിലെ ശുചിത്വം, ശുദ്ധജല വിതരണം, പാക്കേജംഗിന്‍റെ സുരക്ഷിതത്വം എന്നിവ പരിശോധിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തതായി റെയില്‍വേ പോലീസ് സൂപ്രണ്ട് അറിയിച്ചു.
വന്ദേഭാരത് എക്സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തിന്‍റെ ശുചിത്വം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലും, റെയില്‍യാത്രക്കാര്‍ക്കിടയിലും വ്യാപകമായി വാര്‍ത്തകള്‍ വന്നതിന്‍റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. നിരീക്ഷണം ശക്തമാക്കുമെന്നും മിന്നല്‍ പരിശോധനകള്‍ തുടരുമെന്നും എസ്.പി അറിയിച്ചു.
ഇത്തരം പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങളും യാത്രക്കാരും ഉടന്‍ സമീപത്തെ റെയില്‍വേ പോലിസ് സ്റ്റേഷനില്‍ അറിയിക്കേണ്ടതാണ്. പരിശോധനയില്‍ എറണാകുളം, പാലക്കാട് സബ്ഡിവിഷനുകളിലെ ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ ഐ.ആര്‍.പിമാര്‍, വിവിധ റെയില്‍വേ പോലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാര്‍ എന്നിവരും പങ്കെടുത്തു.
നേരത്തെ വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിൽ ഭക്ഷണം എത്തിക്കുന്ന കേന്ദ്രത്തിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയിരുന്നു. എറണാകുളം കടവന്ത്രയിൽ സ്വകാര്യ വ്യക്തി കരാറെടുത്ത് നടത്തുന്ന റെയിൽവേയുടെ കാറ്ററിങ് സെന്റററുകളിൽ നിന്നാണ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടിയത്. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിലേക്ക് ഇവിടെ നിന്നും ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്നായിരുന്നു വിവരം. ഇതിന് പിന്നാലെ പലവട്ടം ഇത് സംബന്ധിച്ച് പരാതികൾ ഉയര്‍ന്നിരുന്നു.