
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒക്ടോബർ 22 (ശനിയാഴ്ച) വരെ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 13 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പായി. കാസർകോട് മാത്രമാണ് മഴ മുന്നറിയിപ്പില്ലാത്തത്. നാളെ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി മിന്നലിനും സാധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് സമീപത്തായി ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് മഴ വ്യാപകമാകാൻ സാധ്യത ഒരുക്കുന്നത്. ചക്രവാതച്ചുഴിയിൽ നിന്നും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ കേരളത്തിനും തമിഴ്നാടിനും മുകളിലൂടെ ന്യുനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
തെക്കൻ ആൻഡമാൻ കടലിന് മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇത് ഒക്ടോബർ 20 ഓടെ വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് തുടർന്നുള്ള 48 മണിക്കൂറിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായും വ്യാപക മഴ പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് ശേഷം തുലാവർഷത്തിന് മുന്നോടിയായുള്ള ഇടിയോട് കൂടിയ മഴയും ഉണ്ടാകും എന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
തലസ്ഥാനത്ത് ഇന്നലെ മുതൽ തുടരുന്ന മഴയ്ക്ക് നേരിയ ശമനമുണ്ട്. അത്സമയം താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് തുടരുകയാണ്. നഗരത്തിലെ കരിക്കകം ഉൾപ്പെടെയുള്ള പല മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഇതിനിടെ തിരുവനന്തപുരം - ചെങ്കോട്ട ദേശീയ പാതയിൽ പൂർണമായും തടസ്സപ്പെട്ട വാഹനഗതാഗതം പുനഃസ്ഥാപിച്ചു. ദേശീയ പാതയിൽ ചുള്ളിമാനൂർ - വഞ്ചുവത്ത് ആണ് രാവിലെ നാല് മണിയോടെ മൺതിട്ട ഇടിഞ്ഞ് റോഡിൽ വീണത്. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam