കാസർകോടും റെഡ് ! 3 ജില്ലകളിൽ റെഡ് അലർട്ട്, 11 ഇടത്ത് ഓറഞ്ച്, എൻഡിആർഎഫ് സംഘമെത്തി; മഴക്കെടുതിയിൽ കേരളം

Published : Jul 04, 2023, 01:24 PM IST
കാസർകോടും റെഡ് ! 3 ജില്ലകളിൽ റെഡ് അലർട്ട്, 11 ഇടത്ത് ഓറഞ്ച്, എൻഡിആർഎഫ് സംഘമെത്തി; മഴക്കെടുതിയിൽ കേരളം

Synopsis

കഴിഞ്ഞ മണിക്കൂറുകളിൽ തെക്കൻ, മധ്യകേരളത്തിൽ വ്യാപകമായും കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴ രേഖപ്പെടുത്തി.

തിരുവനന്തപുരം : കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം.കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം മൂന്ന് ജില്ലകളിൽ റെഡ് അലർട്ടാണ്. ഇടുക്കി, എറണാകുളം ജില്ലകളിലൊപ്പം കാസർകോട് ജില്ലയിലും റെഡ് മുന്നറിയിപ്പാണ്. കഴിഞ്ഞ മണിക്കൂറുകളിൽ തെക്കൻ, മധ്യകേരളത്തിൽ വ്യാപകമായും കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴ രേഖപ്പെടുത്തി. അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരും. മലയോരമേഖലകളിലും തീരമേഖലകളിലും അതീവജാഗ്രത തുടരണമെന്നാണ് നിർദ്ദേശം. ഉച്ചയ്ക്ക് ശേഷം വടക്കൻ ജില്ലകളിലെ കൂടുതലിടങ്ങളിൽ ശക്തമായ മഴ സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത. അടിയന്തര സാഹചര്യം നേരിടാൻ റവന്യൂ മന്ത്രി  വൈകീട്ട് ഉന്നതല യോഗം വിളിച്ചു. കളക്ടർമാർ, ആ‌ർഡിഒമാർ, തഹസീൽദാർമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ജില്ലകളിൽ വേണ്ട മുൻകരുതൽ നടപടകൾ സ്വീകരിക്കാൻ കളക്ടർമാർക്ക് നിർദ്ദേശമുണ്ട്. ഏഴ് എൻഡിആർഎഫ് സംഘങ്ങളെ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട, വയനാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് നിലവിൽ എൻഡിആർഎഫ് സംഘങ്ങൾ. മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 

കുട്ടികളെ ബുദ്ധിമുട്ടിക്കരുത്, മഴയുണ്ടെങ്കിൽ അവധി തലേന്ന് പ്രഖ്യാപിക്കണം; കളക്ടർമാരോട് വിദ്യാഭ്യാസ മന്ത്രി

മഴക്കെടുതി രൂക്ഷം 

കനത്ത മഴയിലും കാറ്റിലും മരം വീണ് കൊച്ചി പാലാരിവട്ടത്ത് ദമ്പതികള്‍ക്ക് പരിക്ക്. കൊച്ചി സെന്‍റ് ആല്‍ബര്‍ട്‌സ് സ്‌കൂള്‍ ഗ്രൗണ്ടിൽ ഇന്നലെ മരം വീണ് പരിക്കേറ്റ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വിവിധ ജില്ലകളിൽ മരം വീണ് വീടുകള്‍ തകര്‍ന്നു. തോട്ടപ്പള്ളിയിൽ പൊഴി മുറിക്കുന്നതിനിടെ കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു. പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിലാണ് മഴ ശക്തമാണ്. പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ കുരുമ്പൻമൂഴി കോസ് വേ മുങ്ങി. ആദിവാസി കോളനി ഉൾപ്പെടെ 250 ൽ അധികം കുടുംബങ്ങൾ
ഇവിടെ ഒറ്റപ്പെട്ടു. 

കോഴിക്കോട് വടകരയിൽ കനത്ത മഴയിൽ വീട് തകർന്നു. സാന്റ് ബാങ്ക്സിലെ സഫിയയുടെ വീടാണ് മേൽക്കൂര അകത്തേക്ക് ഇടിഞ്ഞുവീണ് തകർന്നത്. സഫിയയുടെ മകൻ വീടിനകത്തുണ്ടായിരുന്നെങ്കിലും മേൽക്കൂര ഇടിയുന്ന ശബ്ദം കേട്ട് ഇറങ്ങി ഓടിയത് കൊണ്ട് രക്ഷപ്പെട്ടു. കോഴിക്കോട് ജില്ലയിൽ മലയോര മേഖലയിലടക്കം കനത്ത മഴ തുടരുകയാണ്. വടകര, കൊയിലാണ്ടി, താമരശ്ശേരി, കോഴിക്കോട് താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. 

തൃശ്ശൂർ പെരിങ്ങാവിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന കൂറ്റൻ മാവ് റോഡിലേക്ക് കടപുഴകി വീണു. പെരിങ്ങാവിൽ നിന്ന് ഷൊർണൂർ റോഡിലേക്ക് കടക്കുന്ന പാതയിൽ പുലർച്ചെ മൂന്നുമണിയോടെ കൂടിയാണ് സംഭവം. ഫയർഫോഴ്സ്എത്തി ഉപകരണങ്ങളില്ല എന്ന് പറഞ്ഞ് മടങ്ങിയെന്ന ആരോപണവുമായി വാർഡ് കൗൺസിലർ ഗോപകുമാർ രംഗത്തെത്തി. പിന്നാലെ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിൽ പതിനൊന്നു മണിയോടെ അഗ്നി രക്ഷാ സേന സ്ഥലത്തെത്തി നാട്ടുകാർക്കൊപ്പം മരമുറിക്കാൻ ചേർന്നു. ഉച്ചയോടെ ഗതാഗതം പുനസ്ഥാപിച്ചു. വൈദ്യുതി കേബിൾ ബന്ധം ശരിയാക്കാൻ സമയമെടുക്കും. 

 

 

 

PREV
Read more Articles on
click me!

Recommended Stories

ദിലീപ് കാവ്യയുടെ നമ്പറുകള്‍ സേവ് ചെയ്തത് പല പേരുകളിൽ, ക്വട്ടേഷന് കാരണം നടിയുടെ വെളിപ്പെടുത്തൽ; നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ
സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍; തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് സർക്കാർ, തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി