
തിരുവനന്തപുരം: കേരളത്തിൽ അതിശക്തമായ മഴ വരുന്നു. തുടർന്ന് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ഒരാഴ്ച സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് ആണ്. ചക്രവാത ചുഴി രൂപപ്പെട്ടതിനാൽ കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള തീരദേശ മേഖലയിൽ മഴ സാധ്യതയുണ്ടെന്നും അഞ്ചാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് മറ്റന്നാൾ കാലവർഷം എത്തും. കേരളം, ലക്ഷദ്വീപ് തീരത്ത് വ്യാഴാഴ്ച വരെ മീൻപിടിക്കാൻ വിലക്കുണ്ട്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam