Kerala Rains | അടുത്ത നാല് ദിവസം കൂടി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരും

By Web TeamFirst Published Nov 5, 2021, 2:11 PM IST
Highlights

വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന അറബിക്കടലിലെ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിൽ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. 

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരും (Kerala rains). ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് (yellow alert) പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.

വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന അറബിക്കടലിലെ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിൽ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇത് തീവ്രന്യൂനമർദ്ദമായി മാറുമെങ്കിലും ഇന്ത്യൻ തീരത്ത് നിന്ന് അകലുന്നതിനാൽ, സംസ്ഥാനത്തെ കാര്യമായി ബാധിക്കില്ല. അതേസമയം ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ തീരത്ത് നിലനിൽക്കുന്ന ചക്രവാതച്ചുഴി മഴയ്ക്ക് കാരണമാകും എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് ഇപ്പോഴും തുടരുകയാണ്.

അറബികടലിൽ ലക്ഷദ്വീപിനു സമീപം സ്ഥിതി ചെയ്തിരുന്ന ന്യുനമർദ്ദം നിലവിൽ തെക്ക് കിഴക്കൻ അറബികടലിലും സമീപത്തുള്ള മധ്യ കിഴക്കൻ അറബികടലിലുമായി സ്ഥിതി ചെയ്യുകയാണ്. വടക്ക് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം അടുത്ത 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കാനും തുടർന്നുള്ള 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ചു തീവ്രന്യൂന മർദ്ദമായി മാറി ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാനും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.  മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ആന്ധ്രാപ്രദേശ് തീരത്തായി നിലവിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. നവംബർ ഒൻപതോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ പുതിയൊരു ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. 

click me!