
കൊച്ചി: സംസ്ഥാനത്ത് കൊച്ചിയിലും തിരുവനന്തപുരത്തും ഉൾപ്പെടെ പലയിടത്തും കനത്ത മഴ. കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും കൊച്ചിയിൽ രാത്രി മുതൽ ഇടവിട്ട് പെയ്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിൽ രൂപപ്പെട്ട വെള്ളക്കെട്ട് യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. ഡ്രെയിനേജ് പ്രശ്നം പരിഹരിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിലും, ആലുവയിലും കൊച്ചി നഗരത്തിലും പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
കളമശ്ശേരി ചങ്ങമ്പുഴ നഗറിലെ താഴ്ന്ന പ്രദേശങ്ങളിലും, കലൂർ സ്റ്റേഡിയത്തിന് സമീപമുള്ള നൂറോളം വീടുകളിലും അന്ന് വെള്ളം കയറി. കളമശ്ശേരിയിലെ എംആർ തങ്കപ്പൻ റോഡിലെ വീടുകളിൽ നിന്ന് എട്ട് കുടുംബങ്ങളെ മാറ്റി മാർപ്പിച്ചു. നാട്ടുകാർ പ്രതിഷേധവുമായി എത്തിയപ്പോൾ പരിഹാരമുണ്ടാക്കാമെന്ന് അധികൃതർ വാഗ്‍ദാനം നൽകിയിരുന്നുവെങ്കിലും അടുത്ത മഴയ്ക്ക് തന്നെ വീണ്ടും വെള്ളം കയറിയിരിക്കുകയാണ്.
അതേസമയം കാലവർഷത്തിന് മുന്നോടിയായുള്ള മഴയാണ് ഇപ്പോൾ ലഭിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവർഷത്തിന്റെ ഭാഗമായുള്ള തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത് 5 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്. എന്നാൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. റെഡ്, ഓറഞ്ച്, യെല്ലോ ജാഗ്രതാ നിർദ്ദേശങ്ങളും ഇന്ന് ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല. വെള്ളിയാഴ്ചയോടെ കാലവർഷം കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. കേരളാ തീരത്ത് നിലവിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam