നിയമസഭയിൽ വേറിട്ട നയം: കൂട്ടം തെറ്റിയ ഒറ്റയാനായി രാജ​ഗോപാൽ, മറുപടിയില്ലാതെ ബിജെപി

By Web TeamFirst Published Dec 31, 2020, 1:51 PM IST
Highlights

സ്പീക്കർ തെരഞ്ഞെടുപ്പിൽ പി.ശ്രീരാമകൃഷ്ണൻ് അനുകൂലമായി വോട്ട് ചെയ്തതടക്കം നേരത്തെയും രാജഗോപാൽ ബിജെപിയെ പലതവണം പ്രതിസന്ധിയിലാക്കിയിരുന്നു. 

തിരുവനന്തപുരം: കാ‍ർഷിക നിയമഭേദഗതിക്കെതിരായ പ്രമേയത്തെ ഒ.രാജഗോപാൽ അനുകൂലിച്ചതോടെ ബിജെപി കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾ വെട്ടിലായി. രാജഗോപാലിൻ്റെ നടപടി പരിശോധിക്കുമെന്ന് മാത്രം പറഞ്ഞ് പാർട്ടി സംസ്ഥാന അധ്യക്ഷനും മറ്റു പ്രമുഖ നേതാക്കളും തത്കാലം ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയാണ്. 

ഈ സർക്കാരിൻ്റെ തുടക്കകാലത്ത് സ്പീക്കർ തെരഞ്ഞെടുപ്പിൽ പി.ശ്രീരാമകൃഷ്ണന് അനുകൂലമായി വോട്ട് ചെയ്തതടക്കം നേരത്തെയും രാജഗോപാൽ ബിജെപിയെ പലതവണം പ്രതിസന്ധിയിലാക്കിയിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരായ സംയുക്ത പ്രമേയത്തെയും ബിജെപിയുടെ ഏക അഗം എതിർത്തില്ല. 

നിയമസഭയിൽ പാർട്ടി നിലപാടിന് വിരുദ്ധമായ നടപടി സ്വീകരിച്ചപ്പോഴൊക്കെ മുതിർന്ന അംഗം എന്ന പരിഗണനയിൽ തുടർനടപടിയും വിവാദവും തീർക്കലായിരുന്നു പാർട്ടി പരിപാടി. എന്നാലിപ്പോൾ രാജ്യം തന്നെ ചർച്ച ചെയ്യുന്ന സുപ്രധാനവിഷയത്തിലാണ് കേന്ദ്ര സർക്കാറിനെ പോലും സമ്മർദ്ദത്തിലാക്കുന്ന നടപടി രാജഗോപാലിൽ നിന്നുമുണ്ടായിരിക്കുന്നത്.

കുമ്മനം ബിജെപി സംസ്ഥാന അധ്യക്ഷനായ കാലത്ത് നിയമസഭയിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് പാർട്ടി നേരത്തെ രാജഗോപാലുമായി ചർച്ച ചെയ്യണമെന്ന ആശയം ഉയർന്നിരുന്നു. എന്നാൽ അത്തരം കൂടിയാലോചനകളൊന്നും പിന്നീട് ഉണ്ടായില്ല. മുൻകേന്ദ്രമന്ത്രി കൂടിയായ മുതിർന്ന നേതാവിന് പാർട്ടി നിലപാട് പ്രത്യേകമായി അറിയിക്കേണ്ടതില്ലല്ലോ എന്ന വാദം അന്ന് തന്നെ ഉയർന്നിരുന്നു.

click me!