'അവരുടെ ജീവനും വിലയുണ്ട്', രാജമലയിലെ സഹായധനത്തെച്ചാല്ലി രാഷ്ട്രീയപ്പോര് മുറുകുന്നു

By Web TeamFirst Published Aug 9, 2020, 12:42 PM IST
Highlights

''കരിപ്പൂരിൽ പത്ത് ലക്ഷം പ്രഖ്യാപിച്ചെങ്കിൽ, രാജമലയിലുള്ളവർക്കും പത്ത് ലക്ഷം തന്നെ സഹായധനം നൽകണം. ആളുകൾക്കിടയിൽ ആശങ്ക ഉയർന്നുവരുന്നു. അതിന് സർക്കാർ മറുപടി നൽകണം'', എന്ന് ചെന്നിത്തല.

ഇടുക്കി: മുഖ്യമന്ത്രിയുടെ വിശദീകരണം വിവാദച്ചൂട് തണുപ്പിച്ചില്ല. മൂന്നാറിലെ രാജമലയിലെ പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ മരിച്ച തോട്ടം തൊഴിലാളികളുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച സഹായധനത്തെച്ചൊല്ലിയുള്ള രാഷ്ട്രീയവിവാദവും മുറുകുന്നു. കരിപ്പൂരിലെ ദുരന്തബാധിതർക്ക് പത്ത് ലക്ഷം രൂപ നൽകിയതിനെ ഒരിക്കലുമെതിർക്കില്ലെന്നും, എന്നാൽ അതേ സഹായം തന്നെ ലഭിക്കാൻ പെട്ടിമുടിയിലെ പാവപ്പെട്ട തോട്ടം തൊഴിലാളികൾക്കും അവകാശമുണ്ടെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കരിപ്പൂരിൽ ഓടിയെത്തിയ മുഖ്യമന്ത്രി പെട്ടിമുടിയിലും എത്തുമെന്നാണ് താൻ കരുതിയതെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരനും വ്യക്തമാക്കി. ഇരുവരും ഇന്ന് ദുരന്തസ്ഥലം സന്ദർശിച്ചു.

ചെന്നിത്തല രാവിലെ ഒമ്പത് മണിയോടെയും, കേന്ദ്രമന്ത്രി വി മുരളീധരൻ 12 മണിയോട് കൂടിയുമാണ് പെട്ടിമുടിയിലെത്തിയത്. സ്ഥലത്തെ സാഹചര്യങ്ങൾ ഇരുവരും വിലയിരുത്തി. 

''കരിപ്പൂരിലുള്ളവർക്ക് പത്ത് ലക്ഷം പ്രഖ്യാപിച്ചെങ്കിൽ, രാജമലയിലുള്ളവർക്കും പത്ത് ലക്ഷം തന്നെ സഹായധനം നൽകണം. കരിപ്പൂരിലുള്ളവർക്ക് ഇൻഷൂറൻസ് തുക അടക്കം ലഭിക്കും. അത് പോലെയല്ല പാവപ്പെട്ട തമിഴ് തോട്ടം തൊഴിലാളികൾ. കരിപ്പൂരിലെ ദുരന്തബാധിതർക്ക് പത്ത് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചതിനെ താനൊരിക്കലും എതിർക്കില്ല. എത്ര സഹായം നൽകിയാലും മരിച്ചുപോയ ഒരാൾക്ക് പകരമാകില്ലല്ലോ. അവർക്ക് അർഹതപ്പെട്ടതാണ് അത്രയും സഹായം. അതുപോലെയുള്ള സഹായം രാജമലയിലുള്ളവർക്കും അവകാശപ്പെട്ടതാണ്. ആളുകൾക്കിടയിൽ ആശങ്ക ഉയർന്നുവരുന്നു. അതിന് സർക്കാർ മറുപടി നൽകണം'', എന്ന് ചെന്നിത്തല.

ചെന്നിത്തല മാത്രമല്ല, സ്ഥലം എംപി ഡീൻ കുര്യാക്കോസ് അടക്കമുള്ള കോൺഗ്രസ് നേതാക്കളും സർക്കാരിനെതിരെ വിമർശനം കടുപ്പിക്കുകയാണ്. ഇടുക്കിയിലെ പാവപ്പെട്ട തമിഴ് തോട്ടം തൊഴിലാളികളോട് സർക്കാരിന് വേർതിരിവെന്ന് ഡീൻ കുര്യാക്കോസ് എംപി ആരോപിച്ചു. കരിപ്പൂർ വിമാനാപകടത്തിൽപ്പെട്ടവർക്ക് നൽകിയ നഷ്ടപരിഹാരം ഇടുക്കിക്കാർക്ക് കൊടുത്തില്ല. ദുരന്തങ്ങൾക്ക് ഇരയാകുന്നവർക്ക് സമാനപരിഗണന നൽകണമെന്നും ഡീൻ കുര്യാക്കോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ചെന്നിത്തലയ്ക്ക് പിന്നാലെ കേന്ദ്ര സഹമന്ത്രി വി മുരളീധരനും ദുരന്ത മേഖലയിലേക്കെത്തി. മുഖ്യമന്ത്രിയെയും രാജമലയിൽ പ്രതീക്ഷിക്കുന്നെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടായിരുന്നു യാത്ര. 

പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി ഇങ്ങനെ:

''കരിപ്പൂർ വിമാനദുരന്തമെത്തിയപ്പോൾ ഓടിയെത്തിയ മുഖ്യമന്ത്രി രാജമലയിലെ പെട്ടിമുടിയിലും എത്തുമെന്നാണ് താൻ കരുതിയത്. മനുഷ്യജീവന് എല്ലായിടത്തും ഒരേ വിലയാണ്. കരിപ്പൂരിലും പെട്ടിമുടിയിലും രണ്ട് തരത്തിലെ സഹായധനം നൽകുന്നത് ശരിയല്ല'', എന്ന് വി മുരളീധരൻ പറ‍ഞ്ഞു. 

എന്നാൽ, മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിച്ചതാണെന്നായിരുന്നു ഭരണമുന്നണിയിലെ മറുപടി. മന്ത്രിമാർ ക്യാമ്പ് ചെയ്ത് രക്ഷാ ദൗത്യം ഏകോപിപ്പിക്കുന്നുണ്ട്. ഒപ്പം നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂർത്തിയാവുന്ന മുറയ്ക്ക് കൂടുതൽ സഹായവും പ്രതീക്ഷിക്കാമെന്നും സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു.

പെട്ടിമുടിയിലെ തോട്ടം തൊഴിലാളികൾക്ക് പ്രഖ്യാപിച്ച 5 ലക്ഷം രൂപ സഹായധനം പ്രാഥമിക സഹായം മാത്രമാണെന്ന മുഖ്യമന്ത്രിയുടെ നിലപാട് വനംമന്ത്രി കെ രാജുവും ആവർത്തിച്ചു. കൂടുതൽ പ്രഖ്യാപനം ഉണ്ടാകും. തുടർ പഠന സഹായമടക്കം എല്ലാം സർക്കാർ ചെയ്യും. അപകടത്തിൽ പെട്ടവരിൽ 5 താത്കാലിക വനംവകുപ്പ് ജീവനക്കാരുമുണ്ടെന്നും, അവർക്കും സഹായധനം പ്രഖ്യാപിക്കുമെന്നും വനംമന്ത്രി വ്യക്തമാക്കി. 

click me!