'ഞാനിനി ആരോട് പറയും സാറേ', രാജമലയിൽ മക്കളെ തിരയുന്ന രണ്ട് അച്ഛൻമാർ, പെയ്തുതോരാതെ കണ്ണീർ

By Web TeamFirst Published Aug 9, 2020, 6:47 AM IST
Highlights

''എന്‍റെ രണ്ട് മക്കളാണ്. എന്‍റെ ചേട്ടന്‍റെ കൊച്ചുമകളുടെ ബർത്ത്ഡേയ്ക്ക് കേക്ക് മേടിച്ചിട്ട് വന്നതാണ്. മൂത്തവന്‍റെ ബോഡിയേ കിട്ടിയുള്ളൂ സാറേ, രണ്ടാമത്തെയാൾ മണ്ണിനടിയിലുണ്ട്''.. പൊട്ടിക്കരഞ്ഞുകൊണ്ട് ദിനേഷ് പറയുന്നു.

ഇടുക്കി: ''എന്‍റെ മകളും മരുമകനും പേരക്കുട്ടികളുമുണ്ട് ഇവിടെ. അനിയനും അനിയത്തിയുമുണ്ട്. അവരെ കാണണം. കണ്ടേ പോകൂ. എന്‍റെ മക്കളെ ഞാൻ കാണണ്ടേ?'', തൊണ്ടയിടറുന്നു രാമറിന്. 

രക്ഷാപ്രവർത്തകർ തെരയുന്നതിനെല്ലാം വളരെ മുകളിൽ വീടുണ്ടായിരുന്ന ഇടം നോക്കി തെരഞ്ഞ് തെരഞ്ഞ് നടക്കുകയാണ് രാമർ. മകളും പേരക്കുട്ടികളും സഹോദരങ്ങളുമടക്കം 13 പേരാണ് ഒറ്റയടിക്ക് മണ്ണിനടിയിലായത്. അവരെ കാണാതെ പോകില്ലെന്ന് രാമർ പറയുന്നു. ഇനിയാരും തിരികെ വരില്ലെന്ന് ഉറപ്പുണ്ടെങ്കിലും രാമർ മടങ്ങില്ല. 

''എന്‍റെ രണ്ട് മക്കളാണ്, സാറേ. രണ്ടാമത്തെ മോന്‍റെ പേര് നിധീഷ് കുമാർ. എന്‍റെ ചേട്ടന്‍റെ കൊച്ചുമകളുടെ ബർത്ത്ഡേയ്ക്ക് കേക്ക് മേടിച്ചിട്ട് വന്നതാണ്. മൂത്തവന്‍റെ ബോഡിയേ കിട്ടിയുള്ളൂ സാറേ, രണ്ടാമത്തെയാൾ മണ്ണിനടിയിലുണ്ട്, ഈ മണ്ണിനടിയിലുണ്ട്. ‌ഞാനിനിയാരോട് പറയും, സാറേ, എന്‍റെ എല്ലാം പോയില്ലേ...''.. പൊട്ടിക്കരഞ്ഞുകൊണ്ട് ദിനേഷ് പറയുന്നു.

രാജമലയിൽ തകർന്നടിഞ്ഞുപോയ ലയങ്ങൾ വെട്ടിപ്പൊളിച്ച് രക്ഷാപ്രവർത്തകർ ആരെയെങ്കിലും പുറത്തെടുക്കുമ്പോൾ വേദനയോടെ ഓടി വരുന്നവർ. തങ്ങളുടെ ആരെങ്കിലുമാകാമെന്നോർത്ത് കണ്ണീരോടെ കാത്തിരിക്കുന്നവർ. മക്കളെ തേടി അലയുന്ന അച്ഛനമ്മമാർ. പെയ്തുവീഴുന്ന മഴ പോലെ കണ്ണീര് വീഴുകയാണ് പെട്ടിമുടിയിലെ മണ്ണിൽ. 

അതീവദുഷ്കരമാണ് പെട്ടിമുടിയിലെ തെരച്ചിൽ ഇപ്പോഴും, മണ്ണിനടിയിൽ നിന്ന് എത്ര പേരെ പുറത്തെടുക്കാനാകുമെന്ന് പോലും സംശയമാണ്. 

ഇനിയും ഇവിടെ നിന്ന് 43 പേരെ കണ്ടെത്താനുണ്ട്. ഇതിൽ 19 പേർ സ്കൂൾ വിദ്യാർത്ഥികളാണ്. 27 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ഇതുവരെ കണ്ടെത്തിയത്.  രക്ഷാദൗത്യത്തിൽ തിരുവനന്തപുരത്ത് നിന്നുള്ള അഗ്നിശമനസേനയുടെ അമ്പതംഗ സംഘവും ഇന്ന് പങ്കുചേരും. 

click me!