ചിറകറ്റ കുടുംബങ്ങൾ, പൈലറ്റുമാർ സാഠേയുടെയും അഖിലേഷിന്‍റെയും മൃതദേഹം ജന്മനാട്ടിലേക്ക്

Published : Aug 09, 2020, 06:08 AM ISTUpdated : Aug 09, 2020, 11:27 AM IST
ചിറകറ്റ കുടുംബങ്ങൾ, പൈലറ്റുമാർ സാഠേയുടെയും അഖിലേഷിന്‍റെയും മൃതദേഹം ജന്മനാട്ടിലേക്ക്

Synopsis

അഖിലേഷിന്‍റെ ഭാര്യ മേധ, പൂർണഗർഭിണിയാണ്. അവരെ അഖിലേഷിന്‍റെ മരണവിവരം ഇതുവരെ അറിയിച്ചിട്ടില്ല. പൈലറ്റ് സാഠേയുടെ ബന്ധുക്കൾ, മുംബൈയിലേക്ക് മൃതദേഹത്തെ അനുഗമിക്കും.

കോഴിക്കോട്/ മുംബൈ/ ദില്ലി: ആശയറ്റ്, ചിറകറ്റ്, രണ്ട് കുടുംബങ്ങൾ. ജീവിതങ്ങൾ. മികച്ച വൈമാനികരെന്ന് പേരെടുത്ത ക്യാപ്റ്റൻ ദീപക് സാഠേയും കോ-പൈലറ്റ് അഖിലേഷ് കുമാറും മരണത്തിലേക്ക് പറന്നിറങ്ങിയപ്പോൾ വിറങ്ങലിച്ച് നിൽക്കുകയാണ് അവർ. 

പൂർണഗർഭിണിയായ ഭാര്യ മേധ അഖിലേഷിനെ കാത്തിരിയ്ക്കുകയാണ് ഇപ്പോഴും. ക്യാപ്റ്റൻ സാഠേയുടെ അമ്മയുടെ പിറന്നാൾ ദിനത്തിൽ മകന്‍റെ മരണവാർത്ത എത്തിയതിന്‍റെ ആഘാതത്തിൽ നിന്ന് നാഗ്പൂരിലെ ആ വീട് ഇനിയും മോചിതരായിട്ടില്ല.

പത്ത് ദിവസം കൂടി കഴിഞ്ഞാൽ, അഖിലേഷിനെ അച്ഛാ എന്ന് വിളിക്കാൻ ഒരു കുഞ്ഞതിഥി എത്തുമായിരുന്നു. ആ സമയത്തേക്ക് ലീവ് കരുതി വച്ച്, ഏൽപിച്ച ദൗത്യം നിറവേറ്റാനായി പോയതായിരുന്നു അഖിലേഷ്. മേധയെയും വാർദ്ധക്യസഹജമായ അസുഖങ്ങൾ അലട്ടുന്ന അദ്ദേഹത്തിന്‍റെ അമ്മയെയും അച്ഛനെയും ഇനിയും വിവരമറിയിച്ചിട്ടില്ല. വരുമെന്ന് കരുതി അവരിപ്പോഴും കാത്തിരിക്കുന്നു.

ഉത്തർപ്രദേശിലെ മഥുരയിലുള്ള ഗോവിന്ദ് നഗറിലെ എ 16- വീട് നടുക്കത്തിലാണിപ്പോഴും. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനം കരിപ്പൂരിലേക്ക് പറത്താന്‍ കോക്പിറ്റിലേക്ക് കയറും മുന്‍പ് അഖിലേഷ് അമ്മയോടും ഭാര്യയോടും സംസാരിച്ചു. രണ്ടാഴ്ചക്കുള്ളില്‍ വീട്ടിലെത്തുന്ന പുതിയ അതിഥിയെ കുറിച്ച് ഏറെ വാചാലനായി. 

രോഗങ്ങള്‍ അലട്ടുന്ന അമ്മ ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞു. കരിപ്പൂരിലെത്തിയ ശേഷം കൂടുതല്‍ സംസാരിക്കാമെന്ന് പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്.എന്നാല്‍ വെള്ളിയാഴ്ച രാത്രി എയര്‍ ഇന്ത്യയില്‍ നിന്ന് സഹോദരങ്ങള്‍ക്ക് സന്ദേശമെത്തി. അഖിലേഷ് പറത്തിയ വിമാനം അപകടത്തില്‍പെട്ടെന്നും , നില അതീവ ഗുരുതരമാണെന്നും. അധികം വൈകാതെ മരണവിവരവും. 

മഹാരാഷ്ട്രയിലെ ഓക്സ്ഫര്‍ഡ് ഏവിയേഷന്‍ അക്കാദമിയില്‍ നിന്നാണ് അഖിലേഷ് പൈലറ്റ് പരിശീലനം പൂർത്തിയാക്കിയത്. വന്ദേഭാരത് മിഷനുമായി ബന്ധപ്പെട്ട ആദ്യദൗത്യം കോഴിക്കോട് പറന്നിറങ്ങിയപ്പോഴും കോ -പൈലറ്റായി കോക്പിറ്റിലുണ്ടായിരുന്നത് ഈ മുപ്പത്തിരണ്ടുകാരൻ തന്നെയാണ്. മികച്ച പൈലറ്റായിരുന്നു അഖിലേഷെന്ന് എയർ ഇന്ത്യയും സാക്ഷ്യപ്പെടുത്തുന്നു.

പിറന്നാൾ ദിനത്തിൽ യാത്രയായി മകൻ

ക്യാപ്റ്റൻ സാഠേയുടെ എൺപത്തിനാലുകാരിയായ അമ്മ നീലം സാഠേയുടെ പിറന്നാളായിരുന്നു ശനിയാഴ്ച. അന്ന് അവരറിഞ്ഞത് മകന്‍റെ മരണവാർത്തയാണ്. മകന്‍റെ മരണവിവരം കേട്ട അവർ, ഭർത്താവ് വസന്ത് സാഠേയുടെ കൈ പിടിച്ച് നിശ്ശബ്ദം ഇരുന്നു കുറേനേരം. തൊണ്ണൂറു വയസ്സ് പിന്നിട്ട റിട്ടയേഡ് കേണലായ വസന്ത് സാഠേയ്ക്കും നീലത്തിനും വാക്കുകളുണ്ടായിരുന്നില്ല.

''മിടുക്കനായിരുന്നു അവൻ. എന്നും എല്ലാവരെയും സഹായിക്കുന്നവൻ. പഠനത്തിലൊന്നാമൻ'', അഭിമാനം മാത്രമേയുള്ളൂ എന്ന് കാണാനെത്തിയ വാർത്താ ഏജൻസിയുടെ മാധ്യമപ്രവർത്തകരോടൊക്കെ, വേദന അടക്കിപ്പിടിച്ച് പറഞ്ഞു അവർ. 

മരണം മുന്നില്‍ കണ്ടപ്പോഴും യാത്രക്കാരെ സുരക്ഷിതരാക്കാന്‍ അവസാന നിമിഷം വരെ പരിശ്രമിച്ച ദീപക് സാഠേയുടെയും അഖിലേഷ് കുമാറിന്‍റെയും ഭൗതിക ശരീരങ്ങള്‍ ഇന്ന് ജന്മനാട് ഏറ്റുവാങ്ങുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‍മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ എയര്‍ ഇന്ത്യ എക്സ്പ്രസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങിയാണ് നാട്ടിലേക്ക് അയച്ചത്. അഖിലേഷിന്‍റെ മൃതദേഹം മഥുരയിലെത്തിച്ചു. ദില്ലി വിമാനത്താവളത്തിൽ വച്ച് സഹപ്രവർത്തകർ മൃതദേഹത്തിൽ ആദരമർപ്പിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്