
ചെന്നൈ: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രാഷ്ട്രീയ പ്രവേശനം ഉപേക്ഷിക്കാനുള്ള രജനീകാന്തിൻ്റെ തീരുമാനത്തിൽ ശക്തമായ പ്രതിഷേധവുമായി ആരാധകർ. ചെന്നൈ നഗരത്തിലും തമിഴ്നാടിൻ്റെ പല ഭാഗങ്ങലിലും രജനീകാന്ത് ആരാധകർ പ്രതിഷേധവുമായി തെരുവിലറിങ്ങി. ചിലയത്തിടത്ത് ആരാധകർ തന്നെ രജനിയുടെ കോലം കത്തിച്ചു.
തിരുച്ചിറപ്പള്ളി,സേലം,മധുര ജില്ലകളിൽ രജനി രസികർ മൻട്രം പ്രവർത്തകർ പ്രതിഷേധ റാലി സംഘടിപ്പിച്ചു. റാലിക്കിടെ രോഷാകുലരായ പ്രവർത്തകർ രജനിയുടെ പേരിലുള്ള ബാനറുകളും നശിപ്പിച്ചു. ചെന്നൈ വള്ളുവർകോട്ടത്ത് പ്രതിഷേധവുമായി എത്തിയ രജനി ആരാധകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് രജനീകാന്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചത്. തൻ്റെ പാർട്ടിയുടെ പേരും ചിഹ്നവും അടക്കം ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാവും എന്നായിരുന്നു അദ്ദേഹം നേരത്തെ അറിയിച്ചത്. എന്നാൽ ഇതിനിടെ ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് അദ്ദേഹത്തെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രണ്ട് വർഷം മുൻപ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ ആളാണ് രജനി. അതിനാൽ തന്നെ അദ്ദേഹത്തിൻ്റെ രാഷ്ട്രീയപ്രവേശനത്തിനെതിരെ സ്വന്തം കുടുംബത്തിൽ നിന്നു തന്നെ വലിയ എതിർപ്പാണുള്ളത്. അപ്രതീക്ഷിതമായി ഉണ്ടായ ആശുപത്രി വാസം ദൈവം തന്ന സൂചനയായി കാണുന്നുവെന്നാണ് രാഷ്ട്രീയ പ്രവേശം ഉപേക്ഷിച്ചുള്ള തീരുമാനം വിശദീകരിച്ചു കൊണ്ട് രജനി പറഞ്ഞത്.
.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam