പണം തിരിച്ചു നല്‍കി; കായല്‍ കാവല്‍ക്കാരന്‍ രാജപ്പന്റെ പണമെടുത്തത് സഹോദരി തന്നെ

By Web TeamFirst Published Jun 22, 2021, 1:31 PM IST
Highlights

പണം നഷ്ടപ്പെട്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് വഴിയാണ് രാജപ്പന്‍ പുറംലോകത്തെ അറിയിച്ചത്. സഹോദരിയാണ് പണം താനറിയാതെ പിന്‍വലിച്ചതെന്നും രാജപ്പന്‍ പറഞ്ഞിരുന്നു. മണിക്കൂറുകള്‍ക്കം രാജപ്പന്റ സഹോദരി താനെടുത്ത പണം രാജപ്പന് തന്നെ നല്‍കിയെന്ന് വിശദീകരിച്ചു.
 

കോട്ടയം: വേമ്പനാട്ട് കായലിന്റെ കാവല്‍ക്കാരന്‍ രാജപ്പന്റെ പണം തട്ടിയത് സഹോദരി തന്നെയെന്ന് പൊലീസ്. തട്ടിയെടുത്ത പണം സഹോദരി ബന്ധു വഴി തിരികെ ബാങ്കില്‍ നിക്ഷേപിച്ചു. പണം കിട്ടിയതിനാല്‍ ഇനി കേസുമായി മുന്നോട്ട് പോകില്ലെന്ന് രാജപ്പന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പണം നഷ്ടപ്പെട്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് വഴിയാണ് രാജപ്പന്‍ പുറംലോകത്തെ അറിയിച്ചത്. സഹോദരിയാണ് പണം താനറിയാതെ പിന്‍വലിച്ചതെന്നും രാജപ്പന്‍ പറഞ്ഞിരുന്നു. മണിക്കൂറുകള്‍ക്കം രാജപ്പന്റ സഹോദരി താനെടുത്ത പണം രാജപ്പന് തന്നെ നല്‍കിയെന്ന് വിശദീകരിച്ചു. രാജപ്പനെ വെല്ലുവിളിക്കുകയും ചെയ്തു. പൊലീസ് കേസെടുത്ത് കുടുങ്ങുമെന്ന് ഉറപ്പായതോടെ രക്ഷപ്പെടാന്‍ തട്ടിയ പണം ഇപ്പോള്‍ തിരികെ നല്‍കിയിരിക്കുകയാണ് രാജപ്പന്റെ സഹോദരി വിലാസിനി.

രാഷ്ട്രീയപ്രേരിതമാണെന്ന് കാണിച്ച് കേസില്‍ നിന്ന് ഊരാനും വിലാസിനിയും മകനും ശ്രമിച്ചു. നില്‍ക്കക്കള്ളിയിലാത്തെ ഇന്നലെ വൈകീട്ട് ബാങ്ക് സമയം അവസാനിക്കുന്നതിന് മുന്‍പ് ഒരു ബന്ധു വഴി 5,23,000 രൂപ കുമരകം ഫെഡറല്‍ ബാങ്ക് ശാഖയില്‍ തിരിച്ചടച്ചു.

അടച്ചതിന്റെ രസീത് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. രാജപ്പന്റെയും സഹോദരിയുടേയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് ഇനി ഒറ്റ അക്കൗണ്ടാക്കാനാണ് തീരുമാനം. കേസ് പിന്‍വലിച്ചാല്‍ ഉടന്‍ കോടതിയെ അറിയിച്ച് നടപടികള്‍ അവസാനിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!