
ദില്ലി: കാസര്‍കോട് ചെറുവത്തൂരിൽ വീരമലകുന്നിലെ മണ്ണിടിച്ചിൽ വിഷയത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയോട് പരാതി പറഞ്ഞു. മേഘ കൺസ്ട്രക്ഷൻ കമ്പനിക്ക് ആത്മാര്‍ത്ഥതയില്ലെന്നും 1.75 കോടി രൂപയുടെ മണ്ണ് കമ്പനി കടത്തിയെന്നും എംപി ആരോപിച്ചു. കമ്പനിക്ക് എതിരെ നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയെന്നും എം പി പറഞ്ഞു.
ദേശീയപാതാ 2, 3 റീച്ചുകൾ മേഘ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമിക്കുന്നത്. കമ്പനിക്കെതിരെ മുൻപും പരാതി നൽകിയിട്ടുണ്ടെന്നും ഒരു നടപടിയും ഉണ്ടായില്ലെന്നും എംപി കുറ്റപ്പെടുത്തുന്നു. കമ്പനിക്ക് അത്മാർത്ഥത ഇല്ലെന്ന് മന്ത്രിയെ നിരവധി തവണ അറിയിച്ചതാണ്. വീരമലക്കുന്നിൽ ആദ്യം മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ അനധികൃതമായി 1.75 കോടി രൂപയുടെ മണ്ണ് കമ്പനി കടത്തി. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ നൽകിയ പരാതിയിൽ കമ്പനിക്ക് പിഴ ചുമത്തി.
സ്വന്തം ഇഷ്ടപ്രകാരമാണ് മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ പ്രവര്‍ത്തനമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. ഇക്കാര്യങ്ങൾ നിതിൻ ഗഡ്കരിയെ അറിയിച്ചു. സോയിൽ നെയിലിംഗ് എന്ന തട്ടിപ്പ് സംവിധാനത്തിലൂടെയാണ് കമ്പനി മുന്നോട്ട് പോകുന്നത്. കമ്പനിക്ക് എതിരെ നടപടി എടുക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പാത നിർമ്മാണത്തിൻ്റെ ഭാഗമായി വീരമലക്കുന്നിൽ നിന്ന് അനുവദിച്ചതിലും കൂടുതൽ മണ്ണെടുത്തിരുന്നു. ഇതോടെ മേഘ നിർമ്മാണ കമ്പനിക്ക് പിഴ ചുമത്തിയിരുന്നു. അശാസ്ത്രീയമായ മണ്ണെടുപ്പ് മൂലം കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിച്ചിലുണ്ടായിരുന്നു. കനത്ത മഴ പെയ്തതോടെ, ഇത്തവണ വീരമലക്കുന്നിന്റെ സ്ഥിതി അറിയാൻ ജില്ലാ കളക്ടർ കെ ഇമ്പശേഖർ നേരിട്ട് ഇറങ്ങി. ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ വീരമല കുന്നിൽ ലംബമായും തിരശ്ചീനമായും നിരവധി വിള്ളലുകൾ കണ്ടെത്തി. ഇതോടെ തഹസിൽദാറോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam