
കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടി ചൂരണിയിൽ നാട്ടുകാർക്കരികിലേക്ക് പാഞ്ഞടുത്ത് കാട്ടാന. സ്ഥലത്ത് പ്രതിഷേധിക്കുന്ന ആളുകൾക്കിടയിലേക്കാണ് ആന പാഞ്ഞുവന്നത്. പ്രദേശവാസികൾ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
ഇന്ന് രാവിലെയാണ് ചൂരണിയിലെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങിയത്. കൂട്ടം തെറ്റി എത്തിയ കുട്ടിയാനയാണ് ഇവിടെ വീണ്ടും എത്തിയത്. സ്ഥലത്ത് തുടർച്ചയായി കാട്ടാന ശല്ല്യം അനുഭവപ്പെടുന്നതിനാൽ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരുന്നു. രാവിലെ സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാർ തടഞ്ഞിരുന്നു.
അങ്കണവാടിയോട് ചേർന്നാണ് കുട്ടിയാന നിലയുറപ്പിച്ചിട്ടുള്ളത്. ചൂരണിയിലും കരിങ്ങാടുമായി ദമ്പതികൾ ഉൾപ്പെടെ ആറ് പേരെ കുട്ടിയാന കഴിഞ്ഞ ദിവസങ്ങളിൽ ആക്രമിച്ചിരുന്നു. ആനയെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവിട്ടെങ്കിലും വനംവകുപ്പ് നടപടിയിലേക്ക് കടന്നിട്ടില്ല. ആന തുടർച്ചയായി ഭീതി പരത്തിയിട്ടും വനംവകുപ്പ് ഇടപെടാത്തതിൽ സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. കുറ്റ്യാടി റെഞ്ച് ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവച്ചു. ആനയെ മയക്കുവെടി വയ്ക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam