'മുഖമുള്ളതും മുഖമില്ലാത്തതുമായ സൈബർ കടന്നലുകൾ തന്റെ നേരെ പാഞ്ഞടുത്താലും നിലപാടിൽ തരിമ്പും മാറ്റമുണ്ടാകില്ല'; സൈബർ ആക്രമണത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ

Published : Nov 30, 2025, 09:04 PM IST
rajmohan unnithan

Synopsis

പാർട്ടി നേതൃത്വം ഒറ്റക്കെട്ടായെടുത്ത തീരുമാനത്തെ തള്ളിപ്പറയുന്ന തരത്തിൽ സുധാകരന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായപ്പോൾ അതിനെ രൂക്ഷമായി വിമർശിച്ചത് തനിക്ക് അടിയുറച്ച പാർട്ടി ബോധത്തിൽ നിന്ന് പിന്നോട്ട് പോകുന്ന നിലപാട് ഇല്ലാത്തതിനാലാണ്.

കാസർകോട്: രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച സംഭവത്തിൽ തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. മുഖമുള്ളതും മുഖമില്ലാത്തതുമായ സൈബർ കടന്നലുകൾ തന്റെ നേരെ പാഞ്ഞടുത്താലും നിലപാടിൽ തരിമ്പും മാറ്റമുണ്ടാകില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. പാർട്ടി നേതൃത്വം ഒറ്റക്കെട്ടായെടുത്ത തീരുമാനത്തെ തള്ളിപ്പറയുന്ന പ്രതീതിയുണ്ടാക്കുന്ന തരത്തിൽ കെ സുധാകരന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായപ്പോൾ അതിനെ രൂക്ഷമായി വിമർശിച്ചത് തനിക്ക് അടിയുറച്ച പാർട്ടി ബോധത്തിൽ നിന്ന് പിന്നോട്ട് പോകുന്ന നിലപാട് ഇല്ലാത്തതിനാലാണ്. ബ്രിഗേഡുകളുടെ തെറിവിളികേട്ട് ഓടിയൊളിക്കുന്നവനല്ല താനല്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഫേസ്ബുക്കിലാണ് ഉണ്ണിത്താൻ്റെ പ്രതികരണം.

ഇവർ പാർട്ടിക്കാരല്ല മറിച്ച് പാർട്ടി വിരുദ്ധരാണ്. ഇവർ പ്രത്യേകം ചിലയാളുകളുടെ മാത്രം കൂലിയെഴുത്തുകാരാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ ഉണ്ണിത്താൻ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:

പാർലമെന്റ് മുതൽ പാൽ സൊസൈറ്റിവരെയുള്ള തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന്റെ ആയുധം സ്ത്രീ പീഡന വിഷയങ്ങളാണ്

അവരുടെ കൊള്ളരുതായ്മകൾ മറച്ച് പിടിക്കാനുള്ള കുറുക്ക് വഴി.

എന്നാൽ സർക്കാരിന്റെ തീവെട്ടി കൊള്ളയെയും ജന വിരുദ്ധതയെയും തുറന്ന് കട്ടേണ്ട സമയത്ത് ആരോപണ വിധേയർക്ക് വേണ്ടി മറ്റൊരു വഴിക്ക് സഞ്ചരിക്കുന്ന ആളുകളെ കാണുമ്പോൾ സഹതാപം മാത്രം.

കോൺഗ്രസ്‌ പാർട്ടി ഒരു വിഷയത്തിൽ ഒരു നിലപാടെടുത്താൽ ആ നിലപാടിനോടൊപ്പം നിൽക്കുകയെന്നതാണ് ഒരു പാർട്ടിക്കാരൻ അടിസ്ഥാനപരമായി ചെയ്യേണ്ടത്. പാർട്ടിയുടെ തീരുമാനങ്ങൾ വ്യക്തിപരമായി നമ്മൾക്ക് കയ്പ്പേറിയതാകാം, ഉൾക്കൊള്ളാൻ കഴിയാത്തതുമാകാം. പക്ഷെ എന്നും പാർട്ടിക്കൊപ്പം അടിയുറച്ച് നിൽക്കുക എന്നതാണ് എന്റെ ബോധ്യം.

അത്തരമൊരു ബോധ്യത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം എന്റെ പ്രതികരണം രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഉണ്ടായത്.

ശ്രീ കെ സുധകാരനുൾപ്പെടെ പാർട്ടി നേതൃത്വം ഒറ്റക്കെട്ടായെടുത്ത തീരുമാനത്തെ തള്ളിപ്പറയുന്ന പ്രതീതിയുണ്ടാക്കുന്ന തരത്തിൽ മുതിർന്ന നേതാവ് ശ്രീ കെ സുധാകരന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായപ്പോൾ അതിനെതിനെ രൂക്ഷമായി വിമർശിച്ചതും എന്റെ അടിയുറച്ച പാർട്ടി ബോധത്തിൽ നിന്ന് പിന്നോട്ട് പോകുന്ന നിലപാട് എനിക്കില്ലാത്തതിനാലാണ്.

പാർട്ടിയാണ് പ്രധാനം അല്ലാതെ വ്യക്തികളല്ല.

മുഖമുള്ളതും മുഖമില്ലാത്തതുമായ സൈബർ കടന്നലുകൾ എന്റെ നേരെ പാഞ്ഞടുത്താലും എന്റെ നിലപാടിൽ തരിമ്പും മാറ്റമുണ്ടാകില്ല.

മടിയിൽ കനമില്ലാത്തവന് വഴിയിൽ പേടിക്കേണ്ടതില്ലല്ലോ.

പറഞ്ഞ് പഴകിത്തേഞ്ഞ മഞ്ചേരി സദാചാര ആൾക്കൂട്ടാക്രമണത്തിന് പിന്നിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരാണെന്നും അതിന്റെ ഉത്തരവ് എവിടെ നിന്നാണ് വന്നതെന്നതെന്നും പകലുപോലെ വ്യക്തമാണ്.

അത്‌ കോടതിക്കും ബോധ്യമായത്തിനാലാണ് കേസ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞത്.

അവിടെ എനിക്കെതിരെ ഒരു സ്ത്രീയുടെയും പരാതിയില്ല, ആൾക്കൂട്ടക്രമണത്തിന്റെ ഇരയായിരുന്നു ഞാൻ അന്ന്.

തലയുയർത്തിപ്പിടിച്ചാണ് ഞാനതിനെ നേരിട്ടത്.

ബ്രിഗേഡുകളുടെ തെറിവിളികേട്ട് ഓടിയൊളിക്കുന്നവനല്ല താനെന്ന് അത്തരക്കാർ മനസിലാക്കിയാൽ അവർക്ക് നല്ലത്.

ബ്രിഗേഡുകളുടെ ബ്രിഗേഡിയർമാർക്കെതിരെ വാ തുറന്നാൽ ഊതിവീർപ്പിച്ച ബലൂണുകൾ പൊട്ടി പോകുമെന്നും അത്തരക്കാർ അത്‌ ഓർമിക്കുന്നതാകും നല്ലത്.

ഇടത് -സംഘപരിവാർ സൈബർവെട്ടുകിളികളുടെ തുടർച്ചയായ ആക്രമണത്തെ തെല്ലും ഭയക്കാതെ അതിനെ ഗൗനിക്കാതെ പൊതുപ്രവർത്തനത്തിൽ സജീവമായ എനിക്ക് ബ്രിഗേഡുകളുടെ തെറിവിളികളോട് പരമ പുച്ഛം മാത്രമാണുള്ളത്, ഇവർ പാർട്ടിക്കാരല്ല മറിച്ച് പാർട്ടി വിരുദ്ധരാണ്.

ഇവർ പ്രത്യേകം ചിലയാളുകളുടെ മാത്രം കൂലിയെഴുത്തുകാരാണ്.

അത്തരം കൂലിയെഴുത്തുകാരോടാണ്,

മഴ പെയ്യുമ്പോൾ നനഞ്ഞിട്ടില്ല

പിന്നല്ലേ മരം പെയ്യുമ്പോൾ.......

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം