
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെ അന്വേഷിച്ച് പ്രത്യേക പൊലീസ് സംഘം അടൂരിലെത്തി. രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന്റെ വീട്ടിലാണ് പൊലീസെത്തിയത്. അതേസമയം, പൊലീസ് സംഘം വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ഫെന്നി ഫൈനാൻ പറയുന്നു. വീട്ടിൽ അപ്പോൾ അമ്മ മാത്രമാണ് ഉണ്ടായിരുന്നതെന്നും നഗരസഭയിൽ സ്ഥാനാർത്ഥിയായ താൻ പ്രചരണത്തിൽ ആയിരുന്നെന്നും ഫെന്നി പറഞ്ഞു. സംഭവത്തെ തുടർന്ന് കെഎസ്‌യു നേതാവും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഫെന്നി നൈനാൻ അടൂർ പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധം നടത്തുകയാണ്.
ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്ലാറ്റിലെ പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങിയിരുന്നു. ഫ്ലാറ്റിൽ ഉള്ളത് ഒരു മാസത്തെ സിസിടിവി ബാക്ക്അപ് ആണ്. അതുകൊണ്ടുതന്നെ നാളെ അന്വേഷണ സംഘം വീണ്ടും ഫ്ലാറ്റിൽ എത്തുകയും കെയർടേക്കറിൽ നിന്ന് വിവരങ്ങൾ തേടുകയും ചെയ്യും. രാഹുലിൻ്റെ ഫ്ലാറ്റിൽ നിന്ന് ഫോണുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിനായിട്ടില്ല. രാഹുൽ മുങ്ങിയ വഴി കണ്ടെത്താൻ പാലക്കാട് പൊലീസ് പരിശോധന നടന്നുവരികയാണ്.