
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് വരാൻ തനിക്ക് അയോഗ്യതയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി. സ്ഥാനമാനങ്ങൾ നേടാൻ അയോഗ്യനാണെന്ന ചിന്തയില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. മത്സരിക്കുന്നതിൽ അടക്കം പാർട്ടിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്ന് ഉണ്ണിത്താൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. പല എംപിമാർക്കും മത്സരിച്ച് സംസ്ഥാനത്ത് മന്ത്രിയാകണം എന്നുണ്ട്. തനിക്ക് അങ്ങനൊരു ആഗ്രഹം ഇല്ലെന്നും ജീവിതത്തിൽ ഇതുവരെ എംഎൽഎ ആകണം എന്ന് തോന്നിയിട്ടില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേര്‍ത്തു. രാജ്മോഹൻ ഉണ്ണിത്താൻ പങ്കെടുക്കുന്ന ഫേസ് ദ പീപ്പിൾ എന്ന പരിപാടി ഇന്ന് വൈകീട്ട് 7.30ന് ഏഷ്യാനെറ്റ് ന്യൂസിൽ കാണാം.