
പത്തനംതിട്ട: മുൻ ആരോഗ്യമന്ത്രി മന്ത്രി വീണ ജോർജ് സജ്ജീവമായി പാർട്ടി പ്രവർത്തനത്തിൽ ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്ന് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ചികിത്സയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിന്ന് അവധിയെടുത്തിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. പിന്നീട് അതിന്‍റെ പുരോഗതി അറിയില്ല. സംസ്ഥാന കമ്മിറ്റി അംഗമായതിനാൽ ജില്ലാ കമ്മിറ്റിയെ അറിയിക്കണമെന്നില്ല. എല്ലാം സംസ്ഥാന കമ്മിറ്റിയുമായി ബന്ധപ്പെട്ട കാര്യമാണ്. തെറ്റുതിരുത്തലിന്‍റെ ഭാഗമായുള്ള വിപുലീകൃത സി പി എം ജില്ലാ കമ്മിറ്റി യോഗത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിലായിരുന്നു വീണ ജോർജ് എവിടെ എന്നുള്ള ചോദ്യത്തിന് ജില്ലാ സെക്രട്ടറിയുടെ മറുപടി. ഈ മാസം 6, 7 തീയതികളിലാണ് പത്തനംതിട്ടയിലെ യോഗം. സസ്പെൻഷൻ നടപടി നേരിട്ട് പുറത്തു നിൽക്കുന്ന മുതിർന്ന നേതാവും സ്വർണകൊള്ള കേസിൽ പ്രതിയുമായ എ പത്മകുമാറിന് വിശാല ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ആകില്ലെന്നും രാജു എബ്രഹാം അറിയിച്ചു. കേസിലെ കുറ്റപത്രം വന്നശേഷം മാത്രമേ എന്ത് കുറ്റമാണ് പത്മകുമാർ ചെയ്തതെന്ന് വ്യക്തമാകു എന്നും സി പി എം ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam