ജോസ് കെ മാണി രാജിവച്ച രാജ്യസഭ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

By Web TeamFirst Published Oct 31, 2021, 1:03 PM IST
Highlights

നവംബർ 16 നാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയ്യതി. രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ വോട്ടെടുപ്പ് നടക്കും. നവംബർ 29 നാണ് വോട്ടെടുപ്പ് നടക്കുക.

ദില്ലി: ജോസ് കെ മാണി (jose k mani) രാജി വെച്ച രാജ്യസഭ (rajya sabha) സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബർ 29 നാണ് ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 16 നാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയ്യതി. രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ വോട്ടെടുപ്പ് നടക്കും. നവംബർ 29 നാണ് വോട്ടെടുപ്പ് നടക്കുക. വൈകീട്ട് അഞ്ച് മണിക്കാണ് വോട്ടെണ്ണൽ. കൊവിഡ് സാഹചര്യം മെച്ചപ്പെട്ടതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഒഴിവുവന്ന സീറ്റിലേക്ക്  തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാരായ കെ.എൻ. ഉണ്ണികൃഷ്‌ണൻ, വി.ആർ. സുനിൽ കുമാർ, ജോബ് മൈക്കിൾ എന്നിവര്‍ ഹൈക്കോടതിയില്‍ ഹർജി നല്‍കിയിരിക്കവേയാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ നിന്ന് മത്സരിക്കുന്നതിന് വേണ്ടിയായിരുന്നു ജോസ് കെ മാണി എം പി സ്ഥാനം രാജിവച്ചത്. ജനുവരി പതിനൊന്നിനാണ് ജോസ് കെ മാണി രാജ്യസഭ അംഗത്വം രാജിവച്ചത്. എൽഡിഎഫിനൊപ്പം ചേർന്ന സാഹചര്യത്തിലാണ് യുഡിഎഫിനൊപ്പം നിന്ന് കിട്ടിയ സീറ്റ് രാജി വച്ചത്. ആറ് മാസത്തിനുള്ളിൽ ഒഴിവ് നികത്തണം എന്നാണ് സാധാരണയുള്ള നടപടിയെങ്കിലും കൊവിഡ് മഹാമാരിയുടെ അന്തരീക്ഷത്തിൽ തെരഞ്ഞെടുപ്പ് നീട്ടി വെക്കുകയായിരുന്നു.

click me!