കേന്ദ്രസർക്കാരിന്റെ വാക്സീൻ നയം മാറ്റം സുപ്രീം കോടതി വിധി മുന്നിൽ കണ്ടെന്ന് ജോൺ ബ്രിട്ടാസ് എംപി

By Web TeamFirst Published Jun 8, 2021, 4:00 PM IST
Highlights

കൊവിഡ് കാലത്തും കേന്ദ്ര സർക്കാരിന്റെ താത്പര്യം പാർലമെന്റ് മന്ദിരനിർമ്മാണത്തിനാണെന്ന് ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി

ദില്ലി: കൊവിഡ് വാക്സീനേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ നയത്തിൽ മാറ്റം വരുത്തിയത് സുപ്രീം കോടതി വിധി മുന്നിൽ കണ്ടാണെന്ന് ജോൺ ബ്രിട്ടാസ് എംപി. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹവും ഡോ വി ശിവദാസൻ എംപിയും. ഫെഡറലിസം വലിയ തോതിൽ വെല്ലുവിളി നേരിടുന്ന കാലമാണിതെന്ന് വി ശിവദാസൻ പറഞ്ഞു.

കൊവിഡ് കാലത്തും കേന്ദ്ര സർക്കാരിന്റെ താത്പര്യം പാർലമെന്റ് മന്ദിരനിർമ്മാണത്തിനാണെന്ന് ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി. കൊവിഡ് വാക്സീൻ പരമാവധി വേഗത്തിൽ ജനങ്ങൾക്ക് നൽകുന്നതിനുള്ള  ഇടപെടലുകൾ  നടത്തുമെന്നും ജാഗ്രത ഉള്ളത് കൊണ്ട് വാക്സീനിൽ ദേശീയ തലത്തിൽ വലിയ  തിരിമറിക്ക് സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. എം പിയായാലും മാധ്യമ പ്രവർത്തകനായി തുടരുമെന്നും മാധ്യമ പ്രവർത്തനത്തെയും രാഷ്ട്രീയത്തെയും വേർതിരിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ഫെഡറൽ ഭരണ സംവിധാനം വലിയ വെല്ലുവിളി നേരിടുന്ന കാലമാണെന്ന് ഡോ വി ശിവദാസൻ പറഞ്ഞു. ഇതിനെതിരായ പോരാട്ടത്തിൽ കരുത്താകാൻ രണ്ട് പേർ കൂടി ചേരുകയാണെന്നും തങ്ങളും സത്യപ്രതിജ്ഞയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പ്രതികരിച്ചു. ജനങ്ങളുടെയും  കേരളത്തിന്റെയും  താത്പര്യം ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

click me!