
കണ്ണൂർ: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ പ്രതി രഖിൽ ഉപയോഗിച്ചത് പഴയ തോക്ക്. നാടൻ തോക്കാണിത്. 7.62 എംഎം പിസ്റ്റളാണ്. ഏഴ് റൗണ്ട് വരെ നിറയൊഴിക്കാൻ കഴിയുന്ന തോക്കിൽ നിന്ന് മാനസയ്ക്ക് നേരെ രണ്ട് തവണയാണ് നിറയൊഴിച്ചത്. ചെവിക്ക് പിന്നിലായും നെഞ്ചിലുമാണ് മാനസയ്ക്ക് വെടിയേറ്റത്. രഖിൽ പിന്നാലെ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു. രഖിലിന് എവിടെ നിന്നാണ് തോക്ക് കിട്ടിയതെന്നാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്.
തോക്കിന്ടെ ഉറവിടം സംബന്ധിച്ച് നിലവിൽ പൊലീസിന് യാതൊരു സൂചനയുമില്ല. തോക്ക് പണം നൽകി വാങ്ങിയതോ സുഹൃത്തുക്കളിൽ നിന്ന് സംഘടിപ്പിച്ചതോ ആകാമെന്നാണ് പൊലീസ് സംഘം കരുതുന്നത്. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ അടുത്തകാലത്ത് രഖിൽ നടത്തിയ അന്തർ സംസ്ഥാന യാത്രകൾ അടക്കം പരിശോധിക്കുന്നുണ്ട്. മൊബൈൽ ഫോൺ വിവരങ്ങളും പരിശോധിക്കും. കണ്ണൂരിൽ എത്തിയ അന്വേഷണ സംഘം രഖിലിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്‌ത് തുടങ്ങി.
കൊല്ലപ്പെടുന്നതിന് അടുത്ത ദിവസങ്ങളിൽ രഖിൽ നാല് തവണ മാനസയോട് സംസാരിച്ചുവെന്നാണ് രഖിലിന്‍റെ കമ്പനി പാട്ണറും അടുത്ത സുഹൃത്തുമായ ആദിത്യന്റെ പ്രതികരണം. മാനസ അവഗണിച്ചതോടെ രഖിലിന് പകയായി. രഖിലിന് കൗൺസിലിംഗ് നൽകണമെന്ന് കുടുംബത്തെ താൻ അറിയിച്ചിരുന്നുവെന്നും ആദിത്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പഠിച്ച സ്ഥലമായ ബംഗളൂരുവിൽ രഖിലിന് ബന്ധങ്ങളുണ്ട്. ഇന്‍റീരിയർ ഡിസൈനിംഗിനുള്ള സാധനങ്ങൾ വാങ്ങിക്കുന്നതും അവിടെ നിന്നാണ്. എന്നാല്‍, തോക്ക് എവിടെ നിന്നാണ് കിട്ടിയതെന്ന് തനിക്കറിയില്ലെന്നും ആദിത്യൻ പറഞ്ഞു.
മറ്റൊരു പ്രണയം തകർന്ന ശേഷമാണ് മാനസയെ രഖിൽ പരിചയപ്പെട്ടതെന്ന് സഹോദരൻ രാഹുൽ പറഞ്ഞു. പൊലീസ് വിളിപ്പിച്ച ശേഷവും ബന്ധം വിടാൻ രഖിൽ തയ്യാറായിരുന്നില്ല. മാനസ തള്ളിപ്പറഞ്ഞത് രഖിലിനെ തളർത്തിയെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോടും സംസാരിക്കാറില്ലായിരുന്നുവെന്നും സഹോദരൻ പറഞ്ഞു. ജീവിതം തകർന്നെന്ന് തനിക്ക് രഖിൽ മെസേജ് അയച്ചിരുന്നു. വിദേശത്ത് പോയി പണമുണ്ടാക്കിയാൽ ബന്ധം തുടരാനാകുമെന്നായിരുന്നു രഖിലിന്റെ പ്രതീക്ഷയെന്നും സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എന്നാൽ മാനസയുമായുള്ള സൗഹൃദം തകർന്നതിൽ മാനസീക പ്രയാസങ്ങൾ ഇല്ലെന്ന് കുടുംബത്തെ ധരിപ്പിക്കാൻ രഖിൽ ശ്രമിച്ചിരുന്നതായാണ് വിവരം. മറ്റൊരു വിവാഹം ആലോചിക്കാൻ തയ്യാറാണെന്നും ഇയാൾ കുടുംബത്തെ അറിയിച്ചിരുന്നു.
രഖിലിന്‍റെ അമ്മ കുറച്ച് ദിവസമായി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് അയൽവാസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കല്യാണം ആലോചിക്കുന്നതായും ഇതിനായി ഓൺലൈൻ മാര്യേജ് വെബ്സൈറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തിരുന്നതായും അമ്മ പറഞ്ഞതായി ഇവർ പറഞ്ഞു. ജോലിക്കായി ഗൾഫിൽ പോകാനും ശ്രമം തുടങ്ങിയിരുന്നു. കൊവിഡ് പ്രതിസന്ധിയിൽ നടന്നില്ല. ടിക്കറ്റൊക്കെ റെഡിയായതാണ്. പിന്നീട് കോയമ്പത്തൂർ വഴി പോകാനും ശ്രമം നടന്നിരുന്നു. രഖിൽ നെല്ലിമറ്റത്താണെന്ന വിവരവും കുടുംബത്തിന് അറിയില്ലായിരുന്നുവെന്നാണ് കരുതുന്നത്. കൊച്ചിയിൽ ഇന്‍റീരിയർ ഡിസൈനിംഗ് വർക്കുണ്ടെന്ന് പറഞ്ഞാണ് കണ്ണൂരിൽ നിന്ന് ഇയാൾ പോയത്. ഇത്തരമൊരു കൃത്യം നടത്തുമെന്ന് കുടുംബം കരുതിയില്ല. രഖിൽ തോക്ക് എവിടെ നിന്ന് സംഘടിപ്പിച്ചുവെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam