രാമനാട്ടുകര അപകടം: അന്വേഷണം ക്വട്ടേഷൻ സംഘതലവൻ അനസ് പെരുമ്പാവൂരിലേക്ക്? ചരൽ ഫൈസലുമായി അടുത്ത ബന്ധം- വീഡിയോ

By Web TeamFirst Published Jun 22, 2021, 11:01 AM IST
Highlights

എറണാകുളത്ത് പ്രവേശന വിലക്കുള്ള അനസിന് ചെർപ്പുളശ്ശേരിയിൽ താമസ സൗകര്യം ഒരുക്കിയത് ചരൽ ഫൈസലായിരുന്നു.  

കൊച്ചി: രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ക്വട്ടേഷൻ സംഘതലവൻ അനസ്  പെരുമ്പാവൂരിലേക്കും നീളുന്നുവെന്ന് സൂചന. ചെർപ്പുളശ്ശേരിയിലെ കൊട്ടേഷൻ സംഘത്തലവൻ ചരൽ ഫൈസലിന് ഗുണ്ട നേതാവ് അനസ് പെരുമ്പാവൂരുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. 

എറണാകുളത്ത് പ്രവേശന വിലക്കുള്ള അനസിന് ചെർപ്പുളശ്ശേരിയിൽ താമസ സൗകര്യം ഒരുക്കിയത് ചരൽ ഫൈസലായിരുന്നു.  ഇയാൾക്ക് ഇവിടെ താമസസൊകര്യമൊരുക്കിയത് ഫൈസൽ ആണെന്ന് ഹോട്ടൽ ജീവനക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്. അനസും ഫൈസൽ തമ്മിലുള്ള ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടു. 

രാമനാട്ടുകര അപകടം; കരിപ്പൂരിൽ കസ്റ്റംസ് പിടിച്ചത് അപകടത്തിൽ പെട്ട സംഘം കവരാൻ ലക്ഷ്യമിട്ട സ്വർണം

കാപ്പ ചുമത്തിയുള്ള ശിക്ഷക്ക് ശേഷം മാർച്ച് മാസത്തിലാണ് അനസ് ചെർപ്പുളശ്ശേരിയിൽ എത്തിയത്. ഇവർ തമ്മിൽ നടത്തിയ ഇടപാടിന്റെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കും. കൂടുതൽ ക്വട്ടേഷൻ സംഘങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. 

ഇന്നലെയാണ് രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് ബോലേറോ ജീപ്പ് ലോറിയിലിടിച്ച് തകര്‍ന്ന് അഞ്ച് യുവാക്കള്‍ മരിച്ചത്. മലപ്പുറം പാണ്ടിക്കാട് നിന്ന് കോഴിക്കോട് നാദപുരത്തേക്ക് സിമന്‍റ് കയറ്റി വന്ന ലോറിയുമായി ഇവര്‍ സഞ്ചരിച്ച വാഹനം നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാട് ചെര്‍പുളശേരി സ്വദേശികളായ  മുഹമ്മദ്‌ ഷഹീർ,  നാസർ, താഹിർഷാ , അസ്സൈനാർ , സുബൈർ എന്നിവരാണ് മരിച്ചത്.

രാമനാട്ടുകര അപകടത്തിൽ ദുരൂഹതയേറുന്നു; സ്വർണ്ണക്കടത്തിൽ കൂടുതൽ സംഘങ്ങളെന്ന് സംശയം

ഒരു സാധാരണ വാഹനാപകടം എന്നായിരുന്നു ആദ്യ സൂചനയെങ്കിലും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഇന്നോവ കാറിലുണ്ടായിരുന്ന ആറ് പേരെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിലെ ദുരൂഹതയുടെ ചുരുളഴിഞ്ഞത്. ആ വാഹനത്തിൽ ഉണ്ടായിരുന്ന ചെർപ്പുളശ്ശേരി സ്വദേശി ചരൽ ഫൈസൽ എന്നയാളുടെ സഹായികളാണ് മരിച്ചവർ.

അവരെന്തിന് രാമനാട്ടുകരയിലെത്തി? 5 യുവാക്കൾ മരിച്ച അപകടത്തിൽ സംശയങ്ങളേറെ

കൊടുവളളിയില്‍ നിന്നുളള സംഘത്തില്‍ നിന്ന് സ്വര്‍ണം കവര്‍ച്ച ചെയ്യുകയായിരുന്നു ചെര്‍പുളശേരിയില്‍ നിന്നുളള സംഘത്തിന്‍റെ ലക്ഷ്യം. കൊടുവളളി സ്വദേശി മെയ്തീന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. കസ്റ്റംസ് സ്വര്‍ണം പിടികൂടിയതോടെ കൊടുവളളിയില്‍ നിന്നുളള സംഘം മടങ്ങി.  ഇവരുടെ പക്കല്‍ സ്വര്‍ണമുണ്ടെന്ന ധാരണയില്‍ ചെര്‍പുളശേരി സംഘം പിന്തുര്‍ന്നു. എന്നാല്‍ ഇവരുടെ പക്കല്‍ സ്വര്‍ണമില്ലെന്ന വിവരം കിട്ടിയതോടെ ചെര്‍പുളശേരി സംഘം മടങ്ങുന്ന വഴിയായിരുന്നു അപകടം. 

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!