കവർച്ച സംഘത്തിനെതിരെ ഐപിസി 399 പ്രകാരമാണ് കേസെടുത്തു. കസ്റ്റഡിയിലെടുത്തവരെ നാളെ കോടതിയിൽ ഹാജരാക്കും.

കോഴിക്കോട്: കരിപ്പൂരിൽ കസ്റ്റംസ് ഇന്ന് പുലർച്ചെ പിടികൂടിയത് രാമനാട്ടുകരയിൽ അപകടത്തിൽ പെട്ട സംഘം കവരാൻ ലക്ഷ്യമിട്ട സ്വർണമാണെന്ന് പൊലീസ്. കവർച്ച സംഘത്തിനെതിരെ ഐപിസി 399 പ്രകാരമാണ് കേസെടുത്തു. കസ്റ്റഡിയിലെടുത്തവരെ നാളെ കോടതിയിൽ ഹാജരാക്കും.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെ ഒരു കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു. ഈ സ്വര്‍ണം ഏറ്റുവാങ്ങാനായി എത്തിയ കൊടുവളളിയില്‍ നിന്നുളള സംഘവും അവരിൽ നിന്ന് സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ ചെര്‍പുളശേരിയില്‍ നിന്നുളള സംഘവും തമ്മിൽ രാമനാട്ടുകരയിൽ ഏറ്റുമുട്ടലുണ്ടാവുകയും വാഹനാപകടത്തിൽ കലാശിക്കുകയുമായിരുന്നു. അഞ്ച് യുവാക്കളാണ് അപകടത്തിൽ മരിച്ചത്. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം തട്ടിയെടുക്കാനെത്തിയ സംഘത്തെ ചെര്‍പുളശേരിയില്‍ നിന്നുളള സംഘം പിന്തുടര്‍ന്നപ്പോഴാണ് ഇവരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ കോഴിക്കോട് ഫറോഖ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റുളളവര്‍ക്കായി അന്വേഷണം തുടരുകയാണ്. 

ഇന്ന് പുലര്‍ച്ചെ 4.45നാണ് രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് ബോലേറോ ജീപ്പ് ലോറിയിലിടിച്ച് തകര്‍ന്ന് അഞ്ച് യുവാക്കള്‍ മരിച്ചത്. മലപ്പുറം പാണ്ടിക്കാട് നിന്ന് കോഴിക്കോട് നാദപുരത്തേക്ക് സിമന്‍റ് കയറ്റി വന്ന ലോറിയുമായി ഇവര്‍ സഞ്ചരിച്ച വാഹനം നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാട് ചെര്‍പുളശേരി സ്വദേശികളായ മുഹമ്മദ്‌ ഷഹീർ, നാസർ , താഹിർഷാ , അസ്സൈനാർ , സുബൈർ എന്നിവരാണ് മരിച്ചത്. ഒരു സാധാരണ വാഹനാപകടം എന്നായിരുന്നു ആദ്യ സൂചനയെങ്കിലും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഇന്നോവ കാറിലുണ്ടായിരുന്ന ആറ് പേരെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിലെ ദുരൂഹതയുടെ ചുരുളഴിഞ്ഞത്. 

കൊടുവളളിയില്‍ നിന്നുളള സംഘത്തില്‍ നിന്ന് സ്വര്‍ണം കവര്‍ച്ച ചെയ്യുകയായിരുന്നു ചെര്‍പുളശേരിയില്‍ നിന്നുളള സംഘത്തിന്‍റെ ലക്ഷ്യം. കൊടുവളളി സ്വദേശി മെയ്തീന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. കസ്റ്റംസ് സ്വര്‍ണം പിടികൂടിയതോടെ കൊടുവളളിയില്‍ നിന്നുളള സംഘം മടങ്ങി. ഇവരുടെ പക്കല്‍ സ്വര്‍ണമുണ്ടെന്ന ധാരണയില്‍ ചെര്‍പുളശേരി സംഘം പിന്തുര്‍ന്നു. എന്നാല്‍ ഇവരുടെ പക്കല്‍ സ്വര്‍ണമില്ലെന്ന വിവരം കിട്ടിയതോടെ ചെര്‍പുളശേരി സംഘം മടങ്ങുന്ന വഴിയായിരുന്നു അപകടം. ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്ത എട്ട് പെരെയും കരിപ്പൂര്‍ പൊലീസിന് കൈമാറും. ഇവര്‍ക്കെതിരെ ഐപിസി 399 വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. ബൊലേറോയുമായി കൂട്ടിയിടിച്ച സിമന്‍റ് ലോറിയുടെ ഡ്രൈവര്‍ താഹിറിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്കും കേസ് എടുത്തു. അതേസമയം, മരിച്ച യുവാക്കള്‍ക്ക് കളളക്കടത്ത് സംഘവുമായി ബന്ധമില്ലെന്നാണ് ബന്ധുക്കളുടെ വാദം. 

Read Also: രാമനാട്ടുകര അപകടത്തിൽ ദുരൂഹതയേറുന്നു; സ്വർണ്ണക്കടത്തിൽ കൂടുതൽ സംഘങ്ങളെന്ന് സംശയം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona