Asianet News MalayalamAsianet News Malayalam

രാമനാട്ടുകര അപകടത്തിൽ ദുരൂഹതയേറുന്നു; സ്വർണ്ണക്കടത്തിൽ കൂടുതൽ സംഘങ്ങളെന്ന് സംശയം

സ്വർണക്കടത്തിൽ കൂടുതൽ സംഘങ്ങളുണ്ടെന്നാണ് സംശയം. കൊടുവള്ളി സംഘവും ചെർപ്പുളശേരി സംഘവും ഉൾപ്പെട്ടിട്ടുണ്ട്. വാഹനം മാറി ചെയ്സ് നടത്തിയതാണ് അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
 

suspicion mounts over ramanattukara accident suspicion of more gangs in gold smuggling
Author
Calicut, First Published Jun 21, 2021, 5:37 PM IST

കോഴിക്കോട്: രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട് കൂടുതൽ നി​ഗമനങ്ങളുമായി പൊലീസ്. അപകട സമയത്ത് രണ്ട് സംഘങ്ങൾ സ്വർണ്ണക്കടത്തിന് ശ്രമം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. സ്വർണക്കടത്തിൽ കൂടുതൽ സംഘങ്ങളുണ്ടെന്നാണ് സംശയം. കൊടുവള്ളി സംഘവും ചെർപ്പുളശേരി സംഘവും ഉൾപ്പെട്ടിട്ടുണ്ട്. വാഹനം മാറി ചെയ്സ് നടത്തിയതാണ് അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

ചെയ്സ് ചെയ്ത വാഹനം മാറിയെന്ന് തിരിച്ചറിഞ്ഞ ബൊലേറോ തിരിച്ച് വരുമ്പോഴാണ് അപകടമുണ്ടായതെന്നാണ് സംശയം. കൊടുവള്ളി സ്വദേശി മൊയ്തിന്റെ നിർദേശ പ്രകാരമാണ് കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കാൻ സംഘമെത്തിയതെന്നും പൊലീസ് പറയുന്നു. ചെർപ്പുളശ്ശേരിയിൽ നിന്നുള്ള സംഘമെത്തിയത് കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കാനാണ്. കൊടുവള്ളിയിൽ നിന്നുള്ള  സംഘത്തിൽ നിന്നും സ്വർണം തട്ടിയെടുക്കാനായിരുന്നു പദ്ധതി. ഇരു സംഘങ്ങളും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായി സൂചനയുണ്ട്. ചെർപ്പുളശ്ശേരി സംഘം മുമ്പും കള്ളക്കടത്ത് സ്വർണം കവർന്നിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരെ കരിപ്പൂർ പൊലീസിന് കൈമാറുമെന്നും പൊലീസ് അറിയിച്ചു. രാമനാട്ടുകരയിൽ  ഇന്ന് പുലർച്ചെ 4.45നുണ്ടായ അപകടത്തില്‍ കരിപ്പൂരില്‍ നിന്ന് മടങ്ങുകയായിരുന്ന പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ അഞ്ച് യുവാക്കളാണ് മരിച്ചത്.

മലപ്പുറം പാണ്ടിക്കാട് നിന്ന് സിമന്‍റ് കയറ്റി, കോഴിക്കോട് നാദാപുരത്തേക്ക് പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് കാറിൽ വന്നിടിച്ചത്. ആദ്യമണിക്കൂറുകളിൽ ഇതൊരു സാധാരണ അപകടമാണെന്നാണ് കരുതിയത്. എന്നാല്‍ കരിപ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുന്നതിന് പകരം യുവാക്കള്‍ രാമനാട്ടുകരയിലെത്തിയത് എന്തിനെന്ന ചോദ്യമാണ് പൊലീസിനെ കുഴച്ചത്. തുടര്‍ന്ന് മരിച്ചവരുടെ പശ്ചാത്തലം വിശദമായി അന്വേഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.  മൂന്ന് വാഹനങ്ങളിലായി 15 പേരാണ് സംഘത്തിലുണ്ടായിരുന്നത് എന്ന് സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ് വ്യക്തമാക്കിയിരുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios