
തിരുവനന്തപുരം: അഴിമതി ആരോപണത്തെ തുടര്‍ന്ന് ബിജെപി വക്താവ് സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട സന്ദീപ് ജി വാര്യരെ പിന്തുണച്ച്, സംവിധായകനും സംഘപരിവാര്‍ അനുഭാവിയുമായ രാമസിംഹന്‍ അബൂക്കറിന്റെ വോട്ടെടുപ്പ്. സന്ദീപ് വാര്യരോ സുരേന്ദ്രനോ എന്ന ചോദ്യവുമായാണ് ബിജെപി മുന്‍ സംസ്ഥാന സമിതിയംഗം കൂടിയായ രാമസിംഹന്റെ പോസ്റ്റ്. രണ്ടുപേരുടെയും ഫോട്ടോയും പേരും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് ബിജെപി പ്രവര്‍ത്തകരോട് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് രാമസിംഹന്‍.
പോസ്റ്റുമാന് പ്രത്യേക താത്പര്യം ഇല്ല,മനസ്സാക്ഷി വോട്ട്. അതല്ലേ ജനാധിപത്യം. വോട്ട് സ്വതന്ത്രമായി ചെയ്യൂ.
ജനം ആരുടെ കൂടെ, അറിയട്ടെ രാമസിംഹന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം...
വോട്ടു ചെയ്യൂ
സന്ദീപ് വാര്യർ A
സുരേന്ദ്രൻ B
ഇതിൽ പക്ഷഭേദമില്ല വോട്ട് ആർക്കും കാണാമല്ലോ. A or B
പോസ്റ്റുമാന് പ്രത്യേക താത്പര്യം ഇല്ല...മനസ്സാക്ഷി വോട്ട്... അതല്ലേ ജനാധിപത്യം... വോട്ട് സ്വതന്ത്രമായി ചെയ്യൂ.
ജനം ആരുടെ കൂടെ... അറിയട്ടെ...
🙏🙏🙏🙏
ജനപക്ഷം അവർ നിശ്ചയിക്കട്ടെ A or B
സന്ദീപ് വാര്യരെ പിന്തുണച്ച് രാമസിംഹന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. 'ഞാന്‍ കൂടെയുണ്ട് സന്ദീപ് വാര്യര്‍' എന്ന് ഒറ്റവരിയില്‍ ഫേസ്ബുക്കിലെഴുതിയാണ് രാമസിംഹന്‍ പിന്തുണയറിയിച്ചത്. പിന്നീട് മറ്റൊരു പോസ്റ്റില്‍ 'നിങ്ങൾ പുറത്താക്കൂ ഞങ്ങൾ അകത്തു തന്നെയുണ്ട്. നിങ്ങൾ താമസിയാതെ പുറത്ത് പോകേണ്ടി വരിക തന്നെ ചെയ്യും, കാലം സാക്ഷി'- എന്നും രാമസിംഹന്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന ബിജെപി സംസ്ഥാന നേതൃ യോഗമാണ് സന്ദീപിനെതിരെ നടപടി എടുത്തത്. പാർട്ടിയുടെ പേരിൽ പണപ്പിരിവ് നടത്തിയെന്ന ആരോപണങ്ങളെ തുടർന്നാണ് നടപടി എന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യം സംസ്ഥാന നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. സന്ദീപ് വാര്യരെ നീക്കിയത് പാർട്ടിയുടെ സംഘടനാ കാര്യമാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻറെ പ്രതികരണം.
Read Also: ഇനി നേതാവല്ല, വെറും പ്രവർത്തകൻ; പാർട്ടി നടപടി സന്ദീപ് വാര്യർക്ക് കനത്ത തിരിച്ചടി