
തിരുവനന്തപുരം: സിപിഎം നേതാവ് ടി എൻ സീമയുടെ ഭർത്താവിനെ, വിരമിച്ച ശേഷം വീണ്ടും സിഡിറ്റ് രജിസ്ട്രാര്‍ തസ്തികയില്‍ നിയമിച്ചത് വിവാദമാകുന്നു. നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശനവുമായി രംഗത്തെത്തി.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ 2016 ജൂണ്‍ ഒന്നിനാണ് സിഡിറ്റിന്‍റെ രജിസ്ട്രാര്‍ ആയി ടി എൻ സീമയുടെ ഭർത്താവ് ജി ജയരാജനെ നിയമിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് ജയരാജൻ സര്‍വീസില്‍ നിന്ന് വിരമിച്ചു. ഇതിന് പിന്നാലെയാണ് ജയരാജന് പുനര്‍നിയമനം നല്‍കി മാര്‍ച്ച് ഒന്നിന് സര്‍ക്കാർ ഉത്തരവിറക്കിയത്.
മൂന്ന് മാസത്തേക്കോ പുതിയ രജിസ്ട്രാര്‍ വരുന്നതു വരെയോ ജയരാജന് തുടരാം. ജയരാജൻറെ തന്നെ അപേക്ഷയിലാണ് പുനര്‍നിയമനം. സി ഡിറ്റ് പോലൊരു സ്ഥാപനത്തിൽ ദൈനംദിന കാര്യങ്ങളുടെ ഭരണപരമായ നടത്തിപ്പിന് ഉദ്യോഗസ്ഥൻ ഇല്ലാതെ വരുന്നത് പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് കണ്ടാണ് പുനര്‍ നിയമനമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സർക്കാര്‍ നിശ്ചയിക്കുമെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. മറ്റൊരു ബന്ധുനിയമനമാണിതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിൽ സി ഡിറ്റിനെ ദുരുപയോഗം ചെയ്യാനാണിതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതേസമയം പുനര്‍നിയമനം നല്‍കാൻ സര്‍ക്കാരിന് അധികാരമുണ്ടെന്നും പുതിയ രജിസ്ട്രാറെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങിയെന്നും ജി ജയരാജൻ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam