
തിരുവനന്തപുരം: വൈദ്യുതി നിരക്കിൽ 7500 കോടിയുടെ അധിക ഭാരം ജനങ്ങൾക്ക് മേലെ പിണറായി വിജയൻ സർക്കാർ ഉണ്ടാക്കിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഉൾപ്പെടെ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാൻ തയാറാണ്. എന്നിട്ടും അദാനിമാർക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. നെയ്‌വേലി ലീഗ്നെറ്റ് കോർപറേഷനുമായി ചർച്ച നടന്നോ എന്ന് വൈദ്യുതി വകുപ്പ് പറയണം. കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കത്തിനു പിന്നിൽ പവർ ബ്രോക്കർമാർ ഉണ്ടെന്നും മന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
എട്ട് വർഷക്കാലം മുൻപ് ആര്യാടൻ മുഹമ്മദ് കൊണ്ടുവന്ന ദീർഘകല കരാർ പ്രകാരമുള്ള വൈദ്യതി ഉപയോഗം സർക്കാർ കണ്ടില്ലേയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ആർക്ക് വേണ്ടിയാണ് ആര്യാടൻ മുഹമ്മദ് മന്ത്രിയായിരിക്കെ വൈദ്യുതി വകുപ്പ് ഒപ്പുവെച്ച കരാർ സർക്കാർ റദ്ദാക്കിയത്? സർക്കാർ നടത്തിയത് അഴിമതിയാണ്. വൈദ്യതി മന്ത്രിയും മുഖ്യമന്ത്രിയും ഇതിൽ കുറ്റക്കാരാണ്. സ്വകാര്യ കമ്പനികൾക്ക് കൊള്ളലാഭം ഉണ്ടാക്കാൻ വേണ്ടിയാണു സർക്കാർ നീക്കം. റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾക്ക് സിപിഎം ബന്ധമുണ്ട്. ആര്യാടൻ മന്ത്രിയായിരിക്കെ കരാർ എഴുതിയ ആൾതന്നെ റദ്ദാക്കാനും തയ്യാറായി. എല്ലാം ബോർഡിന്റെയും റെഗുലേറ്ററി കമ്മീഷന്റെയും ഉത്തരവാദിത്തം എന്ന് പറഞ്ഞു ഒഴിയുകയാണ് മന്ത്രി. എന്തിനാണ് ഇങ്ങനെ ഒരു മന്ത്രിയെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam