അനധികൃത നിയമനങ്ങളെ വെള്ള പൂശാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല, പിണറായിക്ക് വീണ്ടും കത്ത്

By Web TeamFirst Published Jul 20, 2020, 5:26 PM IST
Highlights

പി.എസ്.സി വഴി നടക്കുന്ന പതിവ് നിയമനങ്ങളുടെ കണക്കുകള്‍ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്റെ കത്തിന് മറുപടി നൽകിയത്

തിരുവനന്തപുരം: കഴിഞ്ഞ നാല് വര്‍ഷത്തെ പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ച് താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാതെ, അനധികൃത നിയമനങ്ങളെ വെള്ള പൂശാനാണ് മുഖ്യമന്ത്രി മറുപടിക്കത്തില്‍ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പി.എസ്.സി വഴി നടക്കുന്ന പതിവ് നിയമനങ്ങളുടെ കണക്കുകള്‍ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്റെ കത്തിന് മറുപടി നൽകിയത്. മുഖ്യമന്ത്രിയുടെ മറുപടിയിലെ അപാകതകൾ അടക്കം ചൂണ്ടിക്കാട്ടി ചെന്നിത്തല വീണ്ടും കത്തയച്ചു.

പിണറായി സർക്കാർ നടത്തിയ ക്രമവിരുദ്ധ കരാര്‍ നിയമനങ്ങള്‍, എംപ്ലോയ്മെന്റ് എക്‌സചേഞ്ചുകളെ മറികടന്നുള്ള നിയമനങ്ങള്‍, ഉമാദേവി കേസിലെ സുപ്രീം കോടതി വിധിയെ മറികടന്നുള്ള അനധികൃത സ്ഥിരപ്പെടുത്തലുകള്‍, പിഎസ്സി റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കി നടത്തിയ താത്കാലിക നിയമനങ്ങള്‍ എന്നിവയടക്കം താനയച്ച പല ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി വ്യക്തമായ ഉത്തരം നൽകിയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

വിവിധ വകുപ്പുകളിലായി 2020-21 ല്‍ 11674 താത്കാലിക ജീവനക്കാരാണുള്ളത്. സെക്രട്ടേറിയറ്റില്‍ 341 താത്കാലിക ജീവനക്കാരുണ്ട്. പൊതുമേഖല / അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വന്‍ ശമ്പളത്തില്‍ നിയമനം നേടിയ കരാര്‍ ജീവനക്കാര്‍, കണ്‍സള്‍ട്ടന്‍സിയുടെ മറവിലെ കരാര്‍ നിയമനങ്ങൾ കിഫ്ബി നിയമനങ്ങള്‍ തുടങ്ങിയവ ഈ ലിസ്റ്റില്‍ വരില്ല. പിന്നാമ്പുറ ചര്‍ച്ചകളിലൂടെ കണ്‍സല്‍ട്ടസന്‍സികളെ കണ്ടെത്തി സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളുടെ ഭാഗമാക്കുന്നതും, നിയമനങ്ങള്‍ നടത്തുന്നതും കേരളത്തെ സംബന്ധിച്ച് ആദ്യത്തെ അനുഭവമാണ്.

അനാവശ്യമായ വിവാദങ്ങളുയര്‍ത്തി സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ പ്രതിപക്ഷം തുരങ്കം വയ്ക്കുന്നു എന്ന മുഖ്യമന്ത്രിയുടെ വാദം ബാലിശമാണ്. 
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതിയ നിയമനങ്ങള്‍ നടക്കാത്ത സാഹചര്യത്തിലാണ് പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ നാമമാത്രമായ നിയമനങ്ങളാണ് വിവിധ പിഎസ്സി റാങ്ക് ലിസ്റ്റുകളില്‍ നിന്നും നടന്നിട്ടുള്ളത്. അതിന് മുന്‍പ് തന്നെ നിയമനങ്ങള്‍ ഇഴഞ്ഞു നീങ്ങുകയാണെന്ന ആക്ഷേപമുണ്ടായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ 58 ഓളം പിഎസ്സി പരീക്ഷകളാണ് റദ്ദാക്കിയത്. 

മുന്‍ ഐടി സെക്രട്ടറി നടത്തിയ എല്ലാ നിയമനങ്ങളും ധനകാര്യപരിശോധനാ വിഭാഗത്തെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടല്ലോ. ഈ പ്രത്യേക അന്വേഷണത്തിന്റെ വ്യാപ്തിയും, പരിധിയും കൂടുതല്‍ വര്‍ദ്ധിപ്പിച്ച് ഈ സര്‍ക്കാരിന്റെ കാലത്ത് വിവിധ വകുപ്പുകളിലും, ബോര്‍ഡ് - കോര്‍പ്പറേഷനുകളിലും, സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തിയിട്ടുള്ള എല്ലാ കരാര്‍- ദിവസവേതന നിയമനങ്ങളേയും, അനധികൃത സ്ഥിരപ്പെടുത്തലുകളേയും, ഇപ്രകാരം നിയമനം ലഭിച്ചവരുടെ വിദ്യാഭ്യാസ യോഗ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് കൂടി ധനകാര്യപരിശോധനാ വിഭാഗത്തിന്റെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും, സര്‍ക്കാരിന്റെ നിയമന നടപടികളില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസ്യത വീണ്ടെടുക്കണമെന്നും കത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

 

click me!