ഭാഷാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാൻ ബിജെപി ശ്രമം; ഹിന്ദി വാദത്തിനെതിരെ രമേശ് ചെന്നിത്തല

By Web TeamFirst Published Sep 15, 2019, 10:32 AM IST
Highlights

വിഭജനത്തിന്റെയും വേർതിരിവിന്റെയും സംഘപരിവാർ അജണ്ടയാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും ചെന്നിത്തല വിമർശിച്ചു. 

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ കേരളത്തിൽ പ്രതിഷേധം  ശക്തമാകുന്നു. ഭാഷാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിഭജനത്തിന്റെയും വേർതിരിവിന്റെയും സംഘപരിവാർ അജണ്ടയാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും ചെന്നിത്തല വിമർശിച്ചു. അമിത് ഷായുടേത് സംഘപരിവാർ അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും  വിമര്‍ശിച്ചിരുന്നു. 

എല്ലാ ഭാഷകൾക്കും തുല്യപ്രധാന്യമാണ് ഉള്ളതെന്നും ഹിന്ദിക്ക്  പ്രത്യേക രാഷ്ട്ര ഭാഷാ പദവിയില്ലെന്നും നിരവധി കോടതി വിധികൾ ഉണ്ട്. ഇവയെല്ലാം മറികടന്നാണ് രഹസ്യ അജണ്ട നടപ്പിലാക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. കേന്ദ്രസർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ മലയാളത്തിൽ തൊഴിൽ പരീക്ഷ എഴുതാനുള്ള അവകാശത്തിനായി കേരളത്തിൽ നിരാഹാരം സമരം നടക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ഹിന്ദി പ്രേമവും കേരള സർക്കാരിന്റെ മലയാളത്തോടുള്ള അവഗണനയും ഒരേപോലെ എതിർക്കപ്പെടേണ്ടതാണെന്നു രമേശ്‌ ചെന്നിത്തല വ്യക്തമാക്കി.

Read Also:ഹിന്ദി വാദം ശുദ്ധ ഭോഷ്ക്; അമിത് ഷായ്‍ക്കെതിരെ പിണറായി വിജയന്‍

ഹിന്ദി അജണ്ട പുതിയ സംഘർഷവേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്നും മറ്റ് ഭാഷകളെ പിന്തള്ളാനുള്ള നീക്കം യുദ്ധപ്രഖ്യാപനമാണെന്നുമായിരുന്നു പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം, അമിത് ഷായുടെ ഹിന്ദി വാദത്തെ പിന്തുണച്ചുകൊണ്ട് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. ഒരു ഭാഷ ജനങ്ങളെ ഒന്നിപ്പിക്കുമെന്ന് ട്വീറ്റ് ചെയ്ത ആരിഫ് ഖാന്‍ രാജ്യത്തിന്‍റെ ഒരുമ ഹിന്ദിയിലൂടെ ശക്തിപ്പെടുത്തുമെന്ന് കുറിച്ചിരുന്നു.


Read More:ഒരു രാജ്യം, ഒരു ഭാഷ; അമിത് ഷായെ പിന്തുണച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Read More:ഒരു രാജ്യം ഒരു ഭാഷ; ഹിന്ദിക്ക് വേണ്ടി വാദിച്ച് അമിത് ഷാ

click me!