Asianet News MalayalamAsianet News Malayalam

ഹിന്ദി വാദം ശുദ്ധ ഭോഷ്ക്; അമിത് ഷായ്‍ക്കെതിരെ പിണറായി വിജയന്‍

ഹിന്ദി അജണ്ട പുതിയ സംഘർഷവേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്നും മറ്റ് ഭാഷകളെ പിന്തള്ളാനുള്ള നീക്കം യുദ്ധപ്രഖ്യാപനമാണെന്നും മുഖ്യമന്ത്രി.

Pinarayi Vijayan against amit shah views on hindi
Author
Thiruvananthapuram, First Published Sep 15, 2019, 8:41 AM IST

തിരുവനന്തപുരം: ഹിന്ദി വാദത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത് ഷായുടേത് സംഘപരിവാർ അജണ്ടയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഹിന്ദി അജണ്ട പുതിയ സംഘർഷവേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്നും മറ്റ് ഭാഷകളെ പിന്തള്ളാനുള്ള നീക്കം യുദ്ധപ്രഖ്യാപനമാണെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും ''ഹിന്ദി അജണ്ട" യിൽ നിന്ന് പിന്മാറാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകാത്തത് ഭാഷയുടെ പേരിൽ സംഘ പരിവാർ പുതിയ സംഘർഷ വേദി തുറക്കുന്നതിന്റെ ലക്ഷണമാണ്. രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്കാണ്. ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഹിന്ദി സംസാരിക്കുന്നവരല്ല. അവിടങ്ങളിലെ പ്രാഥമിക ഭാഷയാക്കി ഹിന്ദിയെ മാറ്റണം എന്നത് അവരുടെയാകെ മാതൃഭാഷകളെ പുറന്തള്ളലാണ്. പെറ്റമ്മയെപ്പോലെ മാതൃഭാഷയെ സ്നേഹിക്കുന്ന മനുഷ്യന്റെ ഹൃദയവികാരത്തിനു നേരെയുള്ള യുദ്ധപ്രഖ്യാപനമാണത്.

ഹിന്ദി രാഷ്ട്രഭാഷയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഭാഷയുടെ പേരിൽ രാജ്യത്ത് പറയത്തക്ക തർക്കങ്ങളൊന്നും നിലനിൽക്കുന്നില്ല. ഹിന്ദി സംസാരിക്കാത്തതു കൊണ്ട് താൻ ഇന്ത്യക്കാരനല്ല എന്ന് ഒരു ഇന്ത്യൻ പൗരനും തോന്നേണ്ട സാഹചര്യവുമില്ല. വ്യത്യസ്ത ഭാഷകളെ അംഗീകരിക്കുന്ന രാഷ്ട്ര രൂപമാണ് ഇന്ത്യയുടേത്. അതിന് ഭംഗം വരുത്തുന്ന നീക്കത്തിൽ നിന്ന് സംഘപരിവാർ പിന്മാറണം. രാജ്യവും ജനങ്ങളും നേരിടുന്ന സുപ്രധാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം നീക്കങ്ങൾ തിരിച്ചറിയപ്പെടുന്നുണ്ട് എന്ന് സംഘ പരിവാർ മനസ്സിലാക്കുന്നത് നന്ന്.

Follow Us:
Download App:
  • android
  • ios