K V Thomas : 'കെ വി തോമസിന്‍റെ നിലപാട് നിര്‍ഭാഗ്യകരം'; നടന്നത് മുഖ്യമന്ത്രിയുടെ തിരക്കഥയെന്ന് രമേശ് ചെന്നിത്തല

By Web TeamFirst Published Apr 10, 2022, 10:43 AM IST
Highlights

കെ വി തോമസിന്റെ പ്രവർത്തി പാർട്ടി തീരുമാനത്തിന് വിരുദ്ധമാണെന്നും കോൺഗ്രസ് പ്രവർത്തകർക്ക് നാണക്കേടുണ്ടാക്കിയെന്നും ചെന്നിത്ത കുറ്റപ്പെടുത്തി.

ആലപ്പുഴ: മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന്റെത് (K V Thomas) നിർഭാ​ഗ്യകരമായ നിലപാടെന്ന് രമേശ് ചെന്നിത്തല (Ramesh Chennithala). കെ വി തോമസിന്റെ പ്രവർത്തി പാർട്ടി തീരുമാനത്തിന് വിരുദ്ധമാണെന്നും കോൺഗ്രസ് പ്രവർത്തകർക്ക് നാണക്കേടുണ്ടാക്കിയെന്നും ചെന്നിത്ത കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനന്‍റെ തിരക്കഥയാണ് നടന്നതെന്ന് കുറ്റപ്പെടുത്തിയ രമേശ്  ചെന്നിത്തല കെ വി തോമസിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി കാലുമാറ്റത്തിന് പ്രേരിപ്പിക്കുകയാണ്. മുഖ്യമന്ത്രിയെ വലിയവനാക്കി ചിത്രീകരിച്ചു. ഇത് ഒരു മുഖ്യമന്ത്രിക്ക് യോജിച്ച് നിലപാടല്ല. തോമസ് പോയതിൽ വിഷമമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ വി തോമസ് പോയാൽ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വീര്യം ചോരില്ല. കോൺഗ്രസിനെ ദുർബലപ്പെടുത്താനാണ് സിപിഎം ശ്രമം. പാർട്ടി അച്ചടക്കം ലംഘിച്ച തോമസിന് ഇനി പാർട്ടിയിൽ സ്ഥാനമില്ല. പാർട്ടിയിൽ നിന്ന് വിലക്കില്ലാത്തപ്പോളായിരുന്നു മുൻപ് കോൺഗ്രസ് നേതാക്കൾ പാർട്ടി കോൺഗ്രസിൽ പങ്കെടുത്തിരുന്നത്. ഇപ്പോള്‍ സാഹചര്യം മാറി. കെ വി തോമസിന്റെ പ്രവർത്തി നിർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാർട്ടി വിലക്ക് ലംഘിച്ച് കെ വി തോമസ്  സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത് തെറ്റെന്ന് കെ മുരളീധരൻ എംപിയും കുറ്റപ്പെടുത്തി. ഗുരുതര അച്ചടക്ക ലംഘനം നടത്തിയ കെ വി തോമസിനെതിരെ നടപടിയുണ്ടാകുമെന്നും മുരളീധരൻ വിശദീകരിച്ചു. സിപിഎം വേദിയിലെത്തി കെ വി തോമസ് പിണറായി സ്തുതി നടത്തി. ഇത് ചെയ്യാൻ പാടില്ലായിരുന്നു. വിലക്ക് ലംഘിച്ചതിന് കോൺഗ്രസ് നടപടിയെടുക്കണം. ഇല്ലെങ്കിൽ സിപിഎം സെമിനാറിൽ പങ്കെടുക്കരുതെന്ന പാർട്ടി തീരുമാനത്തെ അംഗീകരിച്ച ശശി തരൂരിനോട് ചെയ്യുന്ന നീതികേടാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

കെ വി തോമസ്, ഏകാധിപതിയായ പിണറായി വിജയനെ വാനോളം പുകഴ്ത്തി. ഇത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല. കോൺഗ്രസിൽ നിന്ന് ഇനിയൊന്നും കിട്ടാനില്ലെന്ന ധാരണയുടെ അടിസ്ഥാനത്തിലാവാം തോമസ് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. കെ വി തോമസ് ഒരു വർഷമായി സിപിഎമ്മുമായി ചർച്ച നടത്തിയെന്ന കെ സുധാകരന്റെ പ്രസ്താവനയോട് പ്രതികരിച്ച മുരളീധരൻ, തനിക്ക് അത്തരം ചർച്ചകളെ കുറിച്ച് അറിയില്ലെന്നും പറഞ്ഞു. 

കെ വി തോമസിനെതിരെ കടുത്ത നടപടിക്ക് ശുപാർശ ചെയ്ത് കെപിസിസി

കെ വി തോമസിനെതിരെ കടുത്ത നടപടിക്ക് ശുപാർശ ചെയ്ത കെപിസിസി നിലപാടിൽ എഐസിസി തീരുമാനം വൈകില്ല. കെപിസിസി എന്ത് ശുപാർശ നൽകിയാലും അംഗീകരിക്കുമെന്നാണ് ഹൈക്കമാൻഡ് നിലപാട്. പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ഒരു വിഭാഗം നേതാക്കളും, താക്കീതും സസ്പെപെൻഷനുമെന്ന ഫോർമുല മറുവിഭാഗവും ഉന്നയിക്കുന്നുണ്ട്. എ കെ ആൻറണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ നിലപാട് കൂടി തേടിയ ശേഷമാകും അന്തിമ തീരുമാനം.

അച്ചടക്കം ലംഘിച്ച കെ വി തോമസിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് എഐസിസിക്ക് കത്ത് അയച്ചെന്ന്  കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. കെ വി തോമസ് കാണിച്ചത് രാഷ്ട്രീയ തറവാടിത്തമില്ലായ്മയാണ്. അദ്ദേഹം കച്ചവടം നടത്തിയിട്ട് നില്‍ക്കുകയാണ്. നടന്നതെല്ലാം മുന്‍ധാരണ പ്രകാരമുള്ള കാര്യങ്ങളാണ്. തോമസിന് വാരിക്കോരി സ്ഥാനമാനങ്ങൾ കൊടുത്തതിൽ സഹതപിക്കുന്നതായും കെ സുധാകരന്‍ പറഞ്ഞു. സ്വന്തം നാട്ടുകാരും അച്യുതാനന്ദനും ആണ് തിരുത തോമയെന്ന് അദ്ദേഹത്തെ വിളിച്ചത്.

മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്ന് വന്നെന്ന് പറയുന്ന തോമസിന്‍റെ ആസ്തി എത്രയാണെന്ന് പരിശോധിക്കണമെന്നും സുധാകരന്‍ പറഞ്ഞു. സിപിഎം വേദിയിൽ സഖാക്കളെ എന്ന് വിളിച്ച് പിണറായിയെ പുകഴ്ത്തിയുള്ള പ്രസംഗം തീർന്നതിന് പിന്നാലെയാണ് തോമസിനെതിരെ കെപിസിസി, എഐസിസി പ്രസിഡന്‍റിന് കത്തയച്ചത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ തോമസ് നടത്തിയ വാർത്താസമ്മേളനവും സെമിനാറിൽ പങ്കെടുത്തതും അച്ചടക്ക ലംഘനവും പ്രവർത്തകരുടെ വികാരത്തെ ഹനിക്കുന്നതുമായ നടപടിയാണെന്ന് എഐസിസിക്ക് അയച്ച കത്തിൽ കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തുന്നു.

click me!