കെഎസ്എഫ്ഇയിലെ റെയ്ഡ്; വിജിലൻസിനെ സർക്കാർ ഭീഷണിപ്പെടുത്തുന്നുവെന്ന് ചെന്നിത്തല

By Web TeamFirst Published Nov 30, 2020, 12:25 PM IST
Highlights

പിണറായി സർക്കാരിൻ്റെ അഴിമതിയെക്കുറിച്ച് അന്വേഷിച്ചാൽ ഭീഷണിപ്പെടുത്തുമെന്നും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നും ചെന്നിത്തല വിമര്‍ശിച്ചു. 

കോഴിക്കോട്: കെഎസ്എഫ്ഇയിൽ റെയ്ഡ് നടത്തിയ വിജിലൻസിനെ സർക്കാർ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ഒരു അഴിമതിയും അന്വേഷിക്കരുത് എന്നാണ് സർക്കാർ നിലപാട്. പിണറായി സർക്കാരിൻ്റെ അഴിമതിയെക്കുറിച്ച് അന്വേഷിച്ചാൽ ഭീഷണിപ്പെടുത്തുമെന്നും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നും ചെന്നിത്തല വിമര്‍ശിച്ചു. 

ഈ സർക്കാർ വന്നപ്പോള്‍ കെഎസ്എഫ്ഇ കള്ളപ്പണം വെളിപ്പിക്കുന്ന സ്ഥാപനമായി മാറി. വ്യാപകമായ അഴിമതിയും കൊള്ളയുമാണ് അവിടെ നടക്കുന്നത്. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം. അന്വേഷണം വേണ്ട എന്ന നിലപാട് മുഖ്യമന്ത്രിക്കുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ചെന്നത്തല വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. വിജിലൻസ് സിപിഎം പറയുന്നത് പോലെയാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമ‌ായി എന്നും അദ്ദേഹം വിമർശിച്ചു. വിജിലൻസ് സിപിഎം പോഷക സംഘടനയായി പ്രവർത്തിക്കണോ എന്നും ചെന്നിത്തല ചോദിച്ചു. 

സർക്കാർ അഴിമതിക്കാരെ സംരക്ഷിക്കുകയാണ്. രണ്ടാം തീയ്യതി പഞ്ചായത്ത് തലത്തിൽ യുഡിഎഫ്, സർക്കാരിനെ കുറ്റവിചാരണ നടത്തും. സർക്കാരിന് ഏകോപനമില്ലെന്നും സർക്കാരിൻ്റെ മുഖം നഷ്ടപ്പെട്ടുവെന്നും ചെന്നിത്തല വിമര്ശിച്ചു. സര്ക്കാർ പഴയ കേസുകൾ പൊടിതട്ടിയെടുക്കുകയാണ്. സോളാർ പൊടി തട്ടിയെടുക്കുന്നത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്. അതിൽ യുഡിഎഫിന് ഒരു പേടിയുമില്ലെന്നും  ചെന്നിത്തല കൂട്ടിച്ചേർത്തു.

click me!