
തിരുവനന്തപുരം : ചികിത്സ ഉൾപ്പെടെ മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ നേരിടുന്ന പീഡനങ്ങൾക്ക് അറുതി വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സിദ്ദിഖിന്റെ ഭാര്യ റെയ്ഹാൻ ഫോണിൽ വിളിച്ചതിനെ തുടർന്നാണ് പ്രതിപക്ഷ നേതാവ് ഈ ആവശ്യം ഉന്നയിച്ചത്. ഉത്തർപ്രദേശ് ഭരണകൂടം സിദ്ദിഖ് കാപ്പന്റെ മനുഷ്യാവകാശം നിഷേധിക്കരുതെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് പേജിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഉത്തർപ്രദേശിൽ തടവിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെക്കുറിച്ച് അസ്വസ്ഥതയുണ്ടാക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. സിദ്ദിഖിന്റെ ഭാര്യ റെയ്ഹാന എന്നെ ഫോണിൽ വിളിച്ചു അദ്ദേഹം അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് സംസാരിച്ചു.
കോവിഡ് ബാധിതനായ സിദ്ദിഖിനെ കട്ടിലിൽ ചങ്ങലകൊണ്ട് ബന്ധിച്ചു കിടത്തിയിരിക്കുകയാണ്. പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനായി ടോയ്‌ലെറ്റിൽ പോകാൻ പോലും അനുവദിക്കുന്നില്ല. നോമ്പ് പിടിക്കുന്ന സിദ്ദിഖ് ആകെ തളർന്നിരിക്കുകയാണ്. നാലു ദിവസമായി ടോയ്‌ലെറ്റിൽ പോകാൻ അനുവദിക്കാത്തതിനാൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യാൻ ഇടപെടണം എന്നുമാണ് റെയ്ഹാനയോട് സിദ്ദിഖ് ആവശ്യപ്പെട്ടത്.
തടവുകാർക്ക് ലഭിക്കേണ്ട മനുഷ്യാവകാശം സിദ്ദിഖിന് നിഷേധിക്കുന്നു എന്നാണ് റെയ്ഹാനയുടെ വാക്കുകളിൽ നിന്ന് മനസിലാകുന്നത്. സിദ്ധിഖിന്റെ മുഖത്തേറ്റ മുറിവിലും കുടുംബത്തിന് ആശങ്കയുണ്ട്. സിദ്ധിഖിനു ചികിത്സ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഉത്തർപ്രദേശ് ഭരണകൂടം തയാറാകണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam