'ചോദ്യം ചെയ്യല്‍ അതീവഗൗരവതരം'; ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് ചെന്നിത്തല

By Web TeamFirst Published Sep 17, 2020, 7:35 AM IST
Highlights

ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ എത്തിയത്. മുന്‍ എംഎല്‍എ എ എം യൂസഫിന്‍റെ കാറിലാണ് മന്ത്രി എത്തിയത്. 

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് ചോദ്യംചെയ്യുന്നത്. ഇനിയും നാണം കെടാതെ ജലീല്‍ രാജിവെക്കണം. സംസ്ഥാന ചരിത്രത്തില്‍ സമാനമായ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി എന്തിനെയോ ഭയക്കുന്നത് കൊണ്ടാണ് ജലീലിനെ സംരക്ഷിക്കുന്നത്. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ എത്തിയത്. മുന്‍ എംഎല്‍എ എ എം യൂസഫിന്‍റെ കാറിലാണ് മന്ത്രി എത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയിരിക്കുന്നത്. സ്വര്‍ണ്ണം അല്ലെങ്കില്‍ ഏതെങ്കിലും ഹവാല ഇടപാടുകള്‍ മതഗ്രന്ഥത്തിന്‍റ മറവില്‍ നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയം. 

മന്ത്രി ജലീലിനോട് കോണ്‍സുല്‍ ജനറലാണ് മതഗ്രന്ഥങ്ങള്‍ കൈപ്പറ്റി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. കോണ്‍സുല്‍ ജനറല്‍അടക്കം ഉള്ളവര്‍ക്ക് കള്ളക്കടത്ത് ഇടപാടില്‍ പങ്കുണ്ടെന്ന നിലപാടിലാണ് കേന്ദ്ര ഏജന്‍സികള്‍. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രിയെയും എന്‍ഐഎ ചോദ്യം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ മറ്റ് പ്രതികളെ എന്‍ഫോഴ്‍സ്‍മെന്‍റ് ചോദ്യം ചെയ്‍തതില്‍ മന്ത്രിക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. മന്ത്രിയുടെ മൊഴിയെടുത്ത ഘട്ടത്തിലും ഇതുസംബന്ധിച്ച അറിവുണ്ടായിട്ടില്ലെന്ന നിലപാട് തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്.  

click me!