
തിരുവനന്തപുരം: പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ബിജെപിയുടെ അന്ത്യം കുറിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ ബിജെപിക്ക് ഒരടി പോലും മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥയാണ്. കേരളത്തിലെ ബിജെപി നേതൃത്വം യാദവ കുലംപോലെ അടിച്ചുതകരുമെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
ഇപ്പോൾ തന്നെ പാർട്ടിക്കുള്ളിലെ അന്തഛിദ്രം മൂലം മുന്നോട്ടു പോകാൻ പറ്റുന്നില്ല. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിലും വീരവാദങ്ങൾ മുഴക്കിയ പാർട്ടിയാണ് ബിജെപി ഒരു സീറ്റ് പോലും കിട്ടിയില്ല. നിയമസഭയിൽ ആകെ കിട്ടിയത് ഒരു സീറ്റാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്ഥിതി ദയനീയമാകും. ഈ ബിജെപിയാണ് കോൺഗ്രസ് ഇല്ലാതാകുമെന്ന് പറഞ്ഞു നടക്കുന്നത്. ഇല്ലാതാകാൻ പോകുന്ന കക്ഷി ബിജെപിയായിരിക്കുമെന്ന് ചെന്നിത്തല കുറിച്ചു.
കേരള നിയമസഭയിൽ പത്തു സീറ്റ് കിട്ടാൻ നൂറു വർഷം കഴിഞ്ഞാലും ബിജെ.പിക്ക് സാധിക്കില്ല. നരേന്ദ്ര മോദിക്ക് കേരള നിയമസഭയിൽ അംഗങ്ങളെ നോമിനേറ്റ് ചെയ്യാൻ അധികാരം ഉണ്ടെങ്കിൽ മാത്രം സുരേഷ് ഗോപി പറഞ്ഞതു പോലെ പത്ത് അംഗങ്ങൾ ഉണ്ടായേക്കും. കേരളത്തിലെ ജനങ്ങൾ മതേതരവിശ്വാസികളാണ്. മതനിരപേക്ഷതയാണ് കേരളത്തിന്റെ മുദ്രവാക്യം. അതുകൊണ്ടു തന്നെ ബി.ജെപിക്ക് കേരളത്തിൽ ഇടമില്ല- രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam