'നിയമസഭയിൽ തെറ്റായ വിവരങ്ങള്‍ നൽകി'; മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘന നോട്ടീസ് നൽകി രമേശ് ചെന്നിത്തല

Published : Sep 19, 2025, 05:52 PM IST
Ramesh Chennithala

Synopsis

​ഗുരുതരമായ അച്ചടക്കലംഘനം നടത്തിയ പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ സർക്കാർ സ്വീകരിച്ച നടപടി സംബന്ധിച്ച് നിയമസഭയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല സ്പീക്കർക്ക് അവകാശ ലംഘനത്തിനു നോട്ടീസ് നൽകി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ ​ഗുരുതരമായ അച്ചടക്കലംഘനം നടത്തിയ ഉദ്യോ​ഗസ്ഥർക്കെതിരെ സർക്കാർ സ്വീകരിച്ച നടപടി സംബന്ധിച്ച് നിയമസഭയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്ക് അവകാശ ലംഘനത്തിനു നോട്ടീസ് നൽകി. നിയമസഭാ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടീസ് നൽകിയത്. സംസ്ഥാനത്ത് നടക്കുന്ന പൊലീസ് അതിക്രമം സംബന്ധിച്ച് നടപടികള്‍ നിര്‍ത്തിവെച്ച് ചർച്ച ആവശ്യപ്പെട്ട് റോജി എം ജോണ്‍ അടിയന്തര പ്രമേയ നോട്ടീസിനുമേലുള്ള ചര്‍ച്ചയിലെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചതായി ചെന്നിത്തല ആരോപിച്ചു. 2016 മുതല്‍ ഇതുവരെ അച്ചടക്കനടപടിയുടെ ഭാഗമായി ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 144 പൊലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടുവെന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. എന്നാല്‍, പിരിച്ചുവിടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പേരോ പദവിയോ മറ്റ് വിശദാംശങ്ങളോ അടങ്ങുന്ന ഒരു ലിസ്റ്റ് സഭയുടെ മുന്‍പാകെ വെയ്ക്കാതെയാണ് മുഖ്യമന്ത്രി ഈ പ്രസ്താവന നടത്തിയതെന്നാണ് രമേശ് ചെന്നിത്തലയുടെ പരാതി.

 

'മുഖ്യമന്ത്രി നൽകിയ കണക്ക് തെറ്റ്'

 

തികച്ചും അവാസ്തവമായ കണക്കാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞതെന്ന് പരാതിയിൽ രമേശ് ചെന്നിത്തല ആരോപിച്ചു. ആഭ്യന്തരവകുപ്പില്‍ പോലും ഈ കണക്കിന് ഉപോല്‍പലകമായ രേഖകളോ വസ്തുതതകളോയില്ലെന്ന് മുഖ്യമന്ത്രി നല്‍കിയ മറുപടികളില്‍ വ്യക്തമാണ്. മുഖ്യമന്ത്രി സഭയില്‍ പറഞ്ഞതുപോലെ പൊലീസ് സേനയ്ക്കു കളങ്കവും മാനക്കേടും വരുത്തിവച്ചവരും ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുമായ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരേയും സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിട്ടുമില്ല. സഭയില്‍ പരാമര്‍ശിക്കപ്പെട്ട കാലയളവില്‍ സര്‍വീസില്‍ നിന്ന് പിരിച്ചു വിടപ്പെട്ടവരില്‍ ഭൂരിഭാഗം പേരും ദീര്‍ഘകാലം ഡ്യൂട്ടിയില്‍ നിന്ന് അനധികൃതമായി വിട്ടുനിന്നവരോ ദീർഘകാല അവധിയിൽ പ്രവേശിച്ചവരോ ആണ്. ഗൂരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരും അച്ചടക്കനടപടിയുടെ ഭാഗമായി സര്‍വീസില്‍ നിന്നും പിരിച്ചുവിടണം എന്ന് ശുപാര്‍ശ ചെയ്യപ്പെട്ടവരുമായ പല ഉദ്യോഗസ്ഥരും ഇന്നും പൊലീസിന്‍റെ സുപ്രധാന തസ്തികളില്‍ പ്രവര്‍ത്തിക്കുന്നതായി ചെന്നിത്തല നോട്ടീസിൽ ചൂണ്ടിക്കാട്ടി.

2025 ജനുവരി 23ലെ നക്ഷത്രചിഹ്നം ഇടാത്ത 83ാം നമ്പർ ചോദ്യത്തിനുള്ള മറുപടിയായി ഗുണ്ടകളുമായി ബന്ധമുണ്ടെന്ന കാരണത്താൽ നടപടി നേരിടുന്ന 18 പൊലീസ് ഉദ്യോഗസ്ഥര്‍ നിലവില്‍ സേനയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി തന്നെ സഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഗുണ്ട – പൊലീസ് ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തിരുന്ന 14 ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തിരുന്നതായും മുഖ്യമന്ത്രി സഭയെ അറിയിച്ചിരുന്നു. മുന്‍സര്‍ക്കാരിന്‍റെ കാലം മുതല്‍ നാളിതുവരെയായി പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ ക്രിമിനല്‍ കേസുകളെ സംബന്ധിച്ചും അവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ സ്വീകരിച്ച നടപടികളെ സംബന്ധിച്ചുമുള്ള മാർച്ച് മൂന്നിലെ നക്ഷത്ര ചിഹ്നം ഇടാത്ത 2026ാം നമ്പർ ചോദ്യത്തിനുള്ള മറുപടിയായി ഇതു സംബന്ധിച്ച ക്രോഡീകരിച്ച വിവരങ്ങള്‍ ലഭ്യമല്ല എന്നാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്.ഇതെല്ലാം വ്യക്തമാക്കുന്നത് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞ കണക്കുകൾ അവാസ്തവമാണ് എന്നതാണ്.

 

സഭയെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂര്‍വ്വമായ ശ്രമം

 

സര്‍വീസില്‍ നിന്നും പിരിച്ചുവിടപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പേരും, പദവിയും ഉള്‍ക്കൊളളുന്ന യഥാര്‍ത്ഥ ലിസ്റ്റോ, കണക്കോ നല്‍കാതെ സഭയെ തെറ്റിദ്ധരിപ്പിക്കുന്നതിനുമുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ചെന്നിത്തല ആരോപിച്ചു. യുഡിഎഫ് ഭരണകാലത്ത് പൊലീസ് സേനയില്‍ ക്രമിനല്‍ കുറ്റകൃത്യം ചെയ്ത ഒരാളെയും പിരിച്ചുവിട്ടിട്ടില്ല എന്ന പ്രസ്താവന നടത്തുകയും പിരിച്ചുവിട്ടിട്ടുണ്ടോയെന്ന് പ്രതിപക്ഷ നിരയെ നോക്കി ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍, 2011-2016 കാലഘട്ടത്തില്‍ സേനയുടെ അച്ചടക്കം ലംഘിക്കുകയും ക്രിമിനല്‍ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുയുകയും ചെയ്ത 61 പൊലീസ് ഉദ്യോഗസ്ഥരെ സേനയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നതായി പൊലീസ് വകുപ്പിന്‍റെ രേഖകളില്‍ വ്യക്തമാണ്. ഇക്കാര്യം മനപൂര്‍വ്വം മറച്ചുവച്ചു സഭയെ തെറ്റിദ്ധരിപ്പിക്കാനും യുഡിഎഫിനെ ഇകഴ്ത്താനും വേണ്ടിയാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്തും ഈ സര്‍ക്കാരിന്‍റെ കാലത്തുമായി (ആകെ 9 വര്‍ഷവും 4 മാസവും) 144 പേരെ പിരിച്ചുവിട്ടുവെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് വസ്തുതതകള്‍ക്ക് നിരക്കാത്തതും സഭയെ മനഃപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിക്കെതിരേ അവകാശ ലംഘനം കൊണ്ടുവരാൻ തനിക്ക് അനുമതി നൽകണമെന്ന് രമേശ് ചെന്നിത്തല കത്തിലൂടെ സ്പീക്കറോട് അഭ്യർഥിച്ചു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്
ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും