
ആലപ്പുഴ: പി ടി തോമസിനെ (P T Thomas) പോലെ അദ്ദേഹം മാത്രമേയുള്ളുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). തൻ്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന കാര്യത്തിൽ പി ടി തോമസ് സഹപ്രവർത്തകന് നൽകിയ നിർദേശങ്ങളും രമേശ് ചെന്നിത്തല പങ്കുവെച്ചു.
ചെന്നിത്തലയുടെ കുറിപ്പ് ഇങ്ങനെ
കൊച്ചി രവിപുരത്തെ ശ്മശാനത്തിൽ വേണം എന്നെ സംസ്കരിക്കാൻ. കുടുംബാംഗങ്ങൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ ചിതാഭസ്മം അമ്മയുടെ കല്ലറയ്ക്ക് അകത്ത് വയ്ക്കാം. മൃതദേഹം പൊതുദർശനത്തിന് വയ്ക്കുമ്പോൾ റീത്ത് വയ്ക്കാൻ പാടില്ല. ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരും എന്ന ഗാനം പൊതുദർശനത്തിനിടെ ശാന്തമായി കേൾപ്പിക്കണം. തൻ്റെ പേരിലുള്ള സ്വത്തുവകകൾ ഭാര്യ ഉമയ്ക്ക് സ്വതന്ത്രമായി വീതംവയ്ക്കാം.
PT യെ പോലെ അദ്ദേഹം മാത്രേ ഉള്ളു..
പൊതുദർശനത്തിനിടെ ശാന്തമായി ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരും എന്ന ഗാനം വയ്ക്കണമെന്ന പി ടിയുടെ ആഗ്രഹം പോലെ ആ പാട്ട് കൂടെ ചേർത്താണ് തന്റെ വേദന ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്. അതേസമയം, വിശ്വസ്ത സുഹൃത്തും കോൺഗ്രസ് നേതാവുമായ ഡിജോ കാപ്പനുമായി നടത്തി സ്വകാര്യ സംഭാഷണത്തിലാണ് തൻ്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന നിർദേശം പിടി തോമസ് നൽകിയത്.
വെല്ലൂരിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് ഒപ്പമുണ്ടായിരുന്ന ഭാര്യ ഉമ അറിയാതെ പി ടി ഡിജോ കാപ്പനെ വിളിച്ചതും തൻ്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന മാർഗനിർദേശം നൽകിയതും. കേരള രാഷ്ട്രീയത്തിന് പി ടി തോമസിൻ്റെ വിയോഗം വലിയ ഞെട്ടലായി മാറുമ്പോഴും തനിക്ക് ഇനി അധികദൂരം ബാക്കിയില്ലെന്ന തിരിച്ചറിവ് പി ടിക്കുണ്ടായിരുന്നു.
വെല്ലൂരിൽ ചികിത്സയിൽ തുടരുന്നതിനിടെ നവംബർ 22-നാണ് ഡിജോ കാപ്പനെ പിടി ഫോണിൽ വിളിച്ചത്. ഉമ അറിയാതെയാണ് വിളിക്കുന്നതെന്നും താൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണമെന്നും രഹസ്യമായി സൂക്ഷിക്കണമെന്നുമുള്ള കർശന നിർദേശത്തോടെയാണ് തൻ്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന് ഡിജോയ്ക്ക് നിർദേശം നൽകിയത്.