ട്രഷറി തട്ടിപ്പിൽ ധനമന്ത്രിയുടെയും ട്രഷറി ഡയറക്ടറുടെയും പങ്ക് അന്വേഷിക്കണം; വിജിലൻസിന് ചെന്നിത്തലയുടെ കത്ത്

By Web TeamFirst Published Aug 3, 2020, 5:48 PM IST
Highlights

"ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിവിധ ട്രഷറികളില്‍ നിന്നും നിരവധി തവണ പണമപഹരിച്ച സംഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി താല്‍പര്യം മുന്‍ നിര്‍ത്തി കുറ്റവാളികളെ സംരക്ഷിക്കാനും, തിരിമറി ഒതുക്കി തീര്‍ക്കാനും ഉന്നതരുടെ ഒത്താശയോടെ സാധിച്ചു."

തിരുവനന്തപുരം:  ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള മുഴുവന്‍ ട്രഷറി തട്ടിപ്പും  അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിന്‍ലന്‍സ് ഡയറക്ടര്‍ക്ക്  കത്ത്  നല്‍കി. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍  വന്ന ശേഷം  വിവിധ ട്രഷറികളില്‍ നിന്നും നിരവധി തവണ പണമപഹരിച്ച  സംഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി താല്‍പര്യം മുന്‍ നിര്‍ത്തി കുറ്റവാളികളെ സംരക്ഷിക്കാനും, തിരിമറി ഒതുക്കി തീര്‍ക്കാനും ഉന്നതരുടെ ഒത്താശയോടെ സാധിച്ചു. ഇക്കാര്യത്തില്‍  ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെയും ട്രഷറി ഡയറക്ടറുടെയും  പങ്കിനെ സംബന്ധിച്ച് അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. 

കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ സബ്  ട്രഷറിയില്‍ നടന്ന രണ്ട് കോടിയുടെ  കുംഭകോണം തട്ടിപ്പിന്റെ അവസാനത്തെ ഉദാഹരണമാണ്.  ഇത് അന്വേഷിക്കാന്‍ ധനവകുപ്പ് ചുമതലപ്പെടുത്തിയ ഉദ്യേഗസ്ഥരില്‍ ഒരാള്‍ നേരത്തെ ഇത്തരത്തില്‍  തട്ടിപ്പ് നടത്തിയ വ്യക്തിയാണെന്ന് പരാതിയുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ട്രഷറികളില്‍ നടന്ന പണം  തിരിമിറിയും പ്രളയ ഫണ്ട് തട്ടിപ്പുള്‍പ്പെടെയുള്ള കുംഭകോണങ്ങളും സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് നൽകിയ കത്തിൽ പറയുന്നു.

അതേസമയം, വഞ്ചിയൂർ സബ് ട്രഷറിയിൽ നടന്നത് ​ഗുരുതരമായ കുറ്റകൃത്യമാണെന്ന് ധനവകുപ്പ് പറഞ്ഞു. അന്വേഷണത്തിന് വകുപ്പുതല പ്രത്യേക സംഘത്തെയും നിയോ​ഗിച്ചു. ധനവകുപ്പിലെ മൂന്ന് ഉദ്യാഗസ്ഥരും എൻ ഐ സി പ്രതിനിധിയും അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുക. വഞ്ചിയൂർ സബ്ട്രഷറിയിൽ ഉദ്യോ​ഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റും. സാമ്പത്തിക തട്ടിപ്പ് കണ്ടു പിടിച്ച ഉദ്യോഗസ്ഥനെ മാത്രം ഇവിടെ നില നിർത്തുമെന്നും മന്ത്രി തോമസ് ഐസക് അറിയിച്ചു. ട്രഷറിയിൽ നിന്ന് രണ്ട് കോടി രൂപ തട്ടിയ കേസിൽ ബിജു ലാലിനെ സർവീസിൽ നിന്ന് പിരിച്ചുവിടാനാണ് തീരുമാനം. നടപടി ക്രമങ്ങൾ പാലിച്ച് ഉടൻ ധനവകുപ്പ് ഉത്തരവിറക്കും. 

Read Also: ട്രഷറി തട്ടിപ്പ് കേസ്: ബിജുലാലിനെ സർവീസിൽ നിന്ന് പിരിച്ചുവിടും; വഞ്ചിയൂര്‍ ട്രഷറിയില്‍ കൂട്ടസ്ഥലംമാറ്റം....

click me!