Asianet News MalayalamAsianet News Malayalam

ട്രഷറി തട്ടിപ്പ് കേസ്: ബിജുലാലിനെ സർവീസിൽ നിന്ന് പിരിച്ചുവിടും; വഞ്ചിയൂര്‍ ട്രഷറിയില്‍ കൂട്ടസ്ഥലംമാറ്റം

അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ധനവകുപ്പിലെ മൂന്ന് ഉദ്യാഗസ്ഥരും എൻ ഐ സി പ്രതിനിധിയും അടങ്ങുന്ന സംഘം അന്വേഷിക്കും

thiruvananthapuram treasury fraud biju Lal will be dismissed from service
Author
Thiruvananthapuram, First Published Aug 3, 2020, 4:57 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്തെ വഞ്ചിയൂർ സബ്- ട്രഷറിയിൽ നിന്നും രണ്ട് കോടി തട്ടിച്ച സംഭവത്തിൽ പ്രതിയായ സീനിയർ അക്കൗണ്ടൻ്റ് ബിജുലാലിനെ സർവ്വീസിൽ നിന്നും പിരിച്ചു വിടും. വിശദീകരണ നോട്ടീസ് പോലുമില്ലാതെ പിരിച്ചുവിടാനാണ് തീരുമാനം. തട്ടിപ്പ് കണ്ടെത്തിയ ജീവനക്കാരൻ ഒഴികെ വഞ്ചിയൂർ ട്രഷറിയിൽ മുഴുവൻ ജിവനക്കാരനെയും സ്ഥലംമാറ്റും. തട്ടിപ്പിൽ താൻ നിരപരാധിയാണെന്നും അക്കൗണ്ടിലേക്ക് 63 ലക്ഷം രൂപ എത്തിയത് അറിഞ്ഞില്ലെന്നും ബിജുലാലിന്‍റെ ഭാര്യ സിമി വ്യക്തമാക്കി. അതേസമയം, അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ധനവകുപ്പിലെ മൂന്ന് ഉദ്യാഗസ്ഥരും എൻ ഐ സി പ്രതിനിധിയും അടങ്ങുന്ന സംഘം അന്വേഷിക്കും. 

സർക്കാരിനാകെ നാണക്കേടായ ട്രഷറി തട്ടിപ്പിൽ മുഖം രക്ഷിക്കാൻ അറ്റകൈ തന്നെ പ്രയോഗിച്ച് ധനവകുപ്പ്. ബിജുലാലിനെ അടിയന്തരമായി പിരിച്ചുവിടുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. പ്രതികളാകുന്ന സർക്കാർ ഉദ്യോഗസ്ഥരെ സസ്പെൻഷനിൽ നിർത്തി നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകാറുണ്ടെങ്കിലും ട്രഷറി തട്ടിപ്പിൽ ഈ പരിഗണനയില്ല. ഉടൻ തന്നെ വകുപ്പ് തല നടപടികൾ പൂർത്തിയാക്കി ഗവർണ്ണർക്ക് റിപ്പോർട്ട് നൽകും. പിന്നാലെ സമ്മറി ഡിസ്മിസലിന് വിധേയനാക്കും. ഒപ്പം വഞ്ചിയൂർ സബ് ട്രഷറിയിൽ തട്ടിപ്പ് കണ്ടെത്തിയ എസ്ടിഒ ബാബു പ്രസാദ് ഒഴികെ മറ്റെല്ലാവരെയും സ്ഥലമാറ്റും. തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. ട്രഷറി സോഫ്റ്റ് വെയർ ഓഡിറ്റിന് വിധേയമാക്കും. ബിജുലാലിന്‍റെ തട്ടിപ്പുകൾ അറിഞ്ഞിരുന്നില്ലെന്ന് ഭാര്യ സിമി പറഞ്ഞു. സ്വന്തം അക്കൗണ്ടിലേക്ക് 63 ലക്ഷം എത്തിയതും അറിഞ്ഞില്ല.

തട്ടിപ്പിൽ ട്രഷറി ഡയറക്ടർ റിപ്പോർട്ട് നൽകി.ജില്ലാ ട്രഷറി ഓഫീസറുടെയും ടെക്നിക്കൽ കോ ഓർഡിനേറ്ററുടെയും ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. 74 ലക്ഷം ഓവർഡ്രാഫ്റ്റ് ഉണ്ടായിരുന്ന ബിജുലാൽ രണ്ട് കോടി തട്ടിച്ചപ്പോൾ ബാധ്യത മാറുകയും ഒരുലക്ഷത്തി ഇരുപത്താറായിരം അക്കൗണ്ടിലേക്ക് എത്തുകയും ചെയ്തു. ഇതിൽ നിന്ന് ഭാര്യയുടെ അക്കൗണ്ടിലേക്ക് 63 ലക്ഷം മാറ്റിയെന്നുമാണ് കണ്ടെത്തൽ. ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടതാണ് തട്ടിപ്പിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം.

ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

വഞ്ചിയൂർ ട്രഷറിയിലെ തട്ടിപ്പിന്റെ സൂത്രധാരൻ ബിജുലാലിനെ സമ്മറി ഡിസ്മിസലിന് വിധേയനാക്കാൻ തീരുമാനിച്ചു. ഫിനാൻസ് സെക്രട്ടറി ആർ.കെ. സിംഗും എൻഐസി ട്രഷറി ഉയർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡിസ്മിസലിനുള്ള ഉത്തരവിറങ്ങും. വെറുമൊരു ക്രമക്കേടല്ല. ഗുരുതരമായ സൈബർ ക്രൈമാണ് ബിജുലാൽ ചെയ്തിട്ടുള്ളതെന്ന് വളരെ വ്യക്തമാണ്.

ധനവകുപ്പിന്റെ മൂന്നു പേരും എൻഐസിയുടെ ഒരാളും അടങ്ങുന്ന പ്രത്യേക അന്വേഷണസംഘം ഉണ്ടായ സംഭവങ്ങൾ സമഗ്രമായി പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് നിയോഗിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുകളിലുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അത് നിശ്ചയിക്കുന്നതും നടപടിയെടുക്കുന്നതുമാണ്. ഈ തട്ടിപ്പിൽ വഞ്ചിയൂർ ട്രഷറിയിലെ മറ്റാർക്കെങ്കിലും പങ്ക് ഉണ്ടോയെന്നും പരിശോധിക്കും.

അന്വേഷണവേളയിൽ തട്ടിപ്പു കണ്ടുപിടിച്ച എസ്.റ്റി.ഒ ബാബു പ്രസാദ് ഒഴികെ വഞ്ചിയൂർ ട്രഷറിയിലെ മുഴുവൻ ഉദ്യോഗസ്ഥരെയും താൽക്കാലികമായി സ്ഥലം മാറ്റുന്നു. അന്വേഷണസംഘം ആവശ്യപ്പെടുന്ന വിശദീകരണങ്ങൾ നൽകുന്നതിന് ഇവർ എല്ലാവരും ബാധ്യസ്ഥരായിരിക്കും.

വീണ്ടും ട്രഷറി സോഫ്ടുവെയർ സെക്യുരിറ്റി ഓഡിറ്റിനു വിധേയമാക്കുന്നതാണ്. ഇതിനു പുറമേ ഫംങ്ഷൻ ഓഡിറ്റ് നടത്തുന്നതിന് എൻഐസിയുടെയും ട്രഷറി ഐറ്റി സെല്ലിന്റെയും സംയുക്ത ടീമിന് രൂപം നൽകും. സമാനമായ സംഭവങ്ങൾ വേറെ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും.

Follow Us:
Download App:
  • android
  • ios