തിരുവനന്തപുരം കരകുളം പഞ്ചായത്തിലെ മരുതൂർ വാർഡിൽ നടന്ന അപൂർവ തിരഞ്ഞെടുപ്പ് മത്സരത്തിൽ, എൽഡിഎഫിനും യുഡിഎഫിനും ഒരേ പേരുള്ള സ്ഥാനാർത്ഥികളായിരുന്നു. എൽഡിഎഫിലെ മരുതൂർ വിജയൻ 493 വോട്ടുകൾ നേടി വിജയിച്ചപ്പോൾ, യുഡിഎഫിലെ മരുതൂർ വിജയന് 437 വോട്ടുകൾ ലഭിച്ചു.

തിരുവനന്തപുരം: എൽഡിഎഫിനും യുഡിഎഫിനും വോട്ടുചെയ്യുന്നവർ ഒരേ പേരിനു നേരെ വോട്ട് ചെയ്ത കേരളത്തിലെ ഒരേയൊരു വാർഡിൽ ജയിച്ചതും തോറ്റതും മരുതൂർ വിജയൻ. തിരുവനന്തപുരം ജില്ലയിലെ കരകുളം പഞ്ചായത്തിലെ 22-ാം വാർഡായ മരുതൂരിലായിരുന്നു വിജയന്മാരുടെ മത്സരം. രണ്ടു മുന്നണികൾക്കും ഒരേപേരിലുള്ള സ്ഥാനാർഥിയാണ് ഇവിടെ മത്സരിച്ചത്. എൽഡിഎഫിലെ മരുതൂർ വിജയനാണ് 493 വോട്ടുകൾ നേടി ജയിച്ചത്. 437 വോട്ടുകളാണ് യുഡിഎഫിന്‍റെ മരുതൂർ വിജയന് നേടാനായത്. 

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്‍റെ മുൻ പ്രസിഡന്‍റാണ് ജയിച്ച മരുതൂർ വിജയൻ. യുഡിഎഫിലെ മരുതൂർ വിജയനാകട്ടെ ഐഎൻടിയുസിയുടെ മികച്ച സംഘാടകനും പ്രവർത്തകനുമാണ്. നിലവിൽ സിപിഎം സിറ്റിങ് സീറ്റായ മരുതൂർ വാർഡ് പിടിച്ചെടുക്കാനായിരുന്നു കോൺഗ്രസും മരുതൂർ വിജയനെ നിയോഗിച്ചത്. 357 വോട്ടുകളാണ് ബിജെപി സ്ഥാനാർഥി വിശാഖിന് ഇവിടെ നേടാനായത്.

കരകുളം പഞ്ചായത്തിലെ ഭൂരിപക്ഷം സീറ്റുകളിലും എൽഡിഎഫാണ് വിജയിച്ചത്. 15 സീറ്റുകളിൽ എൽഡിഎഫ് ജയിച്ച പഞ്ചായത്തിൽ എട്ട് സീറ്റുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികളും വിജയിച്ചു. കേവല ഭൂരിപക്ഷം നേടിയ എൽഡിഎഫ് ജയം ഉറപ്പിച്ചു. മരുതൂർ വിജയൻ പഞ്ചായത്ത് പ്രസിഡൻ്റാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.