വെൽഫെയർ പാർട്ടിയെ തള്ളാതെ ചെന്നിത്തല, പ്രാദേശിക സഖ്യങ്ങളും നീക്കുപോക്കുമുണ്ടാകുമെന്നും പ്രതികരണം

By Web TeamFirst Published Oct 23, 2020, 2:26 PM IST
Highlights

തെരഞ്ഞെടുപ്പിൽ  പ്രാദേശിക സഖ്യങ്ങളും നീക്കുപോക്കുകളും ഉണ്ടാകും. ഫാസിസ്റ്റ് വിരുദ്ധ ആശയം ഉള്ളവരുമായാകും സഖ്യമുണ്ടാകുക. എന്നാൽ യുഡിഎഫിന് പുറത്തുള്ളവരുമായി രാഷ്ട്രീയ സഖ്യം ഉണ്ടാകില്ലെന്നും ചെന്നിത്തല 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രാദേശിക സഖ്യങ്ങളും നീക്കുപോക്കുകളും ഉണ്ടാക്കുമെന്ന് രമേശ് ചെന്നിത്തല. ഫാസിസ്റ്റ് വിരുദ്ധ ആശയം ഉള്ളവരുമായാകും സഖ്യമുണ്ടാകുക. എന്നാൽ യുഡിഎഫിന് പുറത്തുള്ളവരുമായി രാഷ്ട്രീയ സഖ്യം ഉണ്ടാകില്ലെന്നും യുഡിഎഫ് യോഗത്തിന് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. 

അതേ സമയം വെൽഫെയർ പാർട്ടിയുമായുള്ള പ്രദേശിക സഹകരണനീക്കം രമേശ് ചെന്നിത്തല തള്ളിയില്ല. ഏതൊക്കെ സഖ്യം വേണമെന്ന് പ്രാദേശിക ഘടകങ്ങൾ തീരുമാനിക്കുമെന്ന് ചെന്നിത്തല പ്രതികരിച്ചു. 

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായ പൊതു അന്തരീക്ഷമാണുള്ളത്. ജോസ് കെ. മാണി എൽഡിഎഫിൽ പോയതുകൊണ്ട് യുഡിഎഫിന് നഷ്ടം ഉണ്ടാകില്ല. വോട്ടിനായി തരംതാണ രാഷ്ട്രീയം കളിക്കുകയാണ് സിപിഎം. വീരശൂര പരാക്രമിയായ കാനത്തിന്റെ വായടഞ്ഞു പോയെന്നും ചെന്നിത്തല വിമർശിച്ചു. 

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണ നീക്കം ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ക്കു നടുവിലാണ്  യുഡിഫ് നേതൃയോഗം  ചേർന്നത്. വെല്‍ഫെയറുമായി പ്രാദേശികമായി പോലും സഹകരിക്കുന്നതിനെതിരെ സമസ്ത പരസ്യമായി രംഗത്തു വന്നതോടെ ലീഗ് നേതൃത്വവും യുഡിഎഫും സമ്മര്‍ദ്ദത്തിലാണ്.


 

click me!